ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. അഞ്ഞൂറോളം കര്‍ഷക കൂട്ടായ്മകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് (എസ്കെഎം) ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
താങ്ങുവില ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ പലതവണ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഉയര്‍ത്തി കാണിച്ചിട്ടും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത്നിന്നു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.
ജലന്ധറില്‍ നടന്ന എസ്കെഎമ്മിന്റെ അഖിലേന്ത്യാ കണ്വെന്ഷന്, ഉല്‍പ്പാദന സഹകരണ സംഘങ്ങളെയും മറ്റ് ജനകേന്ദ്രീകൃത മാതൃകകളെയും അടിസ്ഥാനമാക്കി കാര്‍ഷിക മേഖലയില്‍ ബദല്‍ നയങ്ങള്‍ തേടാനും തീരുമാനിച്ചു. ഫെബ്രുവരി 16 ന് വ്യവസായിക പണിമുടക്കിനുള്ള സാധ്യത പരിഗണിക്കാന്‍ എസ്കെഎം ബുധനാഴ്ച കേന്ദ്ര ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച നടത്തുന്നുണ്ട്.
പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കെതിരെ വോട്ട് ചെയ്ത് കേന്ദ്രത്തിലെ കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ ബിജെപി സര്‍ക്കാരിനെതിരെ പ്രതികരിക്കണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി ബോധപൂര്‍വം വഷളാക്കാനുള്ള നയങ്ങളാണ് കേന്ദ്രം ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നും എസ്കെഎം ആരോപിച്ചു.