ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ വ്യാപക സംഘർഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. അംബാല, ജിന്ത് , ശംഭു, കുരുക്ഷേത്ര മേഖലകളിൽ കർഷകരും പൊലീസും ഏറ്റുമുട്ടി.
കർഷകരെ തടയരുതെന്നും അവർക്ക് ഹരിയാനയിലൂടെ കടന്നുപോകാൻ അവകാശമുണ്ടെന്നും പഞ്ചാബ്–ഹരിയാന ഹൈക്കോടതി വ്യക്തമാക്കി. ജിന്ത് അതിർത്തിയിലും പൊലീസും കർഷകരും തമ്മിൽ സംഘർഷം. കർഷകർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ശംഭുവിൽ കർഷകർ ഫ്ലൈഓവറിൽ സുരക്ഷയ്ക്കായി വച്ചിരുന്ന ബാരിക്കേഡുകൾ എടുത്തെറിയുകയും കുരുക്ഷേത്രയിൽ ബാരിക്കേഡ് പൊളിക്കുകയും ചെയ്തു. പ്രതിഷേധത്തിൽനിന്ന് യാതൊരു കാരണവശാലും പിൻമാറില്ലെന്ന് കർഷകർ വ്യക്തമാക്കി.
അംബാലയിൽ കർഷകരെ പിരിച്ചുവിടാൻ പൊലീസ് വ്യാപകമായി കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡ്രോൺ ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചതായാണ് വിവരം. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. മാർച്ച് അക്രമാസക്തമായതോടെ മുൻകരുതലെന്ന നിലയിൽ ചെങ്കോട്ട അടച്ചു. കാൽനടയായി എത്തുന്ന കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നുണ്ട്. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറിയും കർഷകർ പ്രതിഷേധിച്ചു.
ആവശ്യമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പു നൽകി. ‘ദില്ലി ചലോ’ മാർച്ച് കണക്കിലെടുത്തു അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. വാഹന പരിശോധന കർശനമാക്കിയതോടെ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.