ന്യൂഡൽഹി : വിളകളുടെ വിലയിടിവിലും നദീതടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വിഷയത്തിലും പ്രതിഷേധവുമായി തമിഴ്നാട്ടിൽ നിന്നുള്ള 200 ഓളം കർഷകർ ജന്തർമന്തറിൽ പ്രതിഷേധം തുടങ്ങി. ആത്മഹത്യ ചെയ്ത കർഷരുടേതെന്ന് അവകാശപ്പെട്ടുള്ള തലയോട്ടികളും എല്ലുകളുമായായിരുന്നു പ്രതിഷേധം. കാർഷികമേഖലയിൽ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടും വിളകളുടെ വില വർധിപ്പിച്ചിട്ടില്ലെന്നാണ് കർഷകർ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആരോപണം.
2019 ലെ തെരഞ്ഞെടുപ്പിൽ, വിളകളുടെ ലാഭം ഇരട്ടിയാക്കുമെന്നും നദികളെ പരസ്പരം ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു,” നാഷണൽ സൗത്ത് ഇന്ത്യൻ റിവർ ഇൻ്റർലിങ്കിംഗ് ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് അയ്യക്കണ്ണ് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ചെവിക്കൊണ്ടില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിലേക്ക് പോകുമെന്നും സമരക്കാർ ഉറപ്പിച്ചു. “സർക്കാർ ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ ഞങ്ങൾ വാരണാസിയിൽ പോയി പ്രധാനമന്ത്രി മോദിക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കും,” കർഷകർ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾക്കായി മുമ്പ് പ്രതിഷേധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു, “ഞങ്ങൾ പ്രധാനമന്ത്രിക്ക് എതിരല്ല അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ല, ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ സഹായം മാത്രമേ ആവശ്യമുള്ളൂ,” അയ്യക്കണ്ണ് പറഞ്ഞു.
നേരത്തെ സമരത്തിന് അനുമതി നൽകിയിരുന്നില്ലെന്നും പിന്നീട് കോടതിയിൽ നിന്ന് പ്രകടനത്തിന് അനുമതി വാങ്ങിയെന്നും കർഷകർ ആരോപിച്ചു. “ഞങ്ങൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്, ഞങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്, പക്ഷേ പൊലീസ് ഞങ്ങളെ തടഞ്ഞു,” കർഷക നേതാവ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ജന്തർമന്തറിൽ മുൻപും സമാനമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.