ന്യൂഡൽഹി: കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ദില്ലി ചലോ’ മാർച്ചിനിടെ വൻ സംഘർഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കർഷകരെ പിരിച്ചുവിടാൻ പൊലീസ് വ്യാപകമായി കണ്ണീർവാതകം പ്രയോഗിച്ചു. ഡ്രോൺ ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചതായാണ് വിവരം.
കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. അതേസമയം, പ്രതിഷേധത്തിൽനിന്ന് യാതൊരു കാരണവശാലും പിൻമാറില്ലെന്ന് കർഷകർ വ്യക്തമാക്കി. അതിനിടെ സുരക്ഷ കണക്കിലെടുത്ത് ചെങ്കോട്ട അടച്ചു. കാൽനടയായി എത്തുന്ന കർഷകരെയും കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. ഇവരെ തിരിച്ചയയ്ക്കാനാണ് ശ്രമം. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് വിവരം. രണ്ടായിരത്തിലേറെ ട്രാക്ടറുകളുമായി കാൽലക്ഷത്തിലേറെ കർഷകരാണ് ഡൽഹിയിലേക്കു വരാൻ തയാറെടുക്കുന്നത്.
പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറിയും കർഷകർ പ്രതിഷേധിക്കുകയാണ്. ആവശ്യമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പു നൽകി. ‘ദില്ലി ചലോ’ മാർച്ച് കണക്കിലെടുത്തു അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി.
വാഹന പരിശോധന കർശനമാക്കിയതോടെ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മൂന്നു വർഷം മുൻപ് കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്കു നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. അന്നത്തെ സമരത്തെ അനുസ്മരിപ്പിച്ച് ഇത്തവണയും സമ്പൂർണ തയാറെടുപ്പുകളോടെയാണ് കർഷകർ ഡൽഹിയിലേക്ക് വരുന്നത് എന്നാണ് വിവരം. ഭക്ഷണം, വസ്ത്രം തുടങ്ങിയ സജ്ജീകരണങ്ങൾ കരുതിയിട്ടുണ്ട്.
സമരത്തിനു മുന്നോടിയായി ഡൽഹിയിലെ മെട്രോ ഗേറ്റുകൾ അടച്ചു. മാർച്ചിനെ നേരിടാൻ പഞ്ചാബ്, ഡൽഹി, ഹരിയാന അതിർത്തികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.