ചണ്ഡീഗഡ് : പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ സമരം നടത്തുന്ന കര്‍ഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 21 കാരനായ കര്ഷകന് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബിലെ ബത്തിന്‍ഡ ജില്ലയിലെ ബലോകേ ഗ്രാമവാസിയായ ശുഭ്കരന്‍ സിംഗ് (21) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 13 ന് ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചതിന് ശേഷം പ്രതിഷേധത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ട്ചെയ്യുന്ന ആദ്യ മരണമാണിത്
പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളിലേക്ക് നീങ്ങുന്നതിനിടെ ഹരിയാന പൊലീസ് കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. തുടര്‍ന്ന്ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചും പൊലീസ് തടഞ്ഞു.
കേന്ദ്ര കാര്‍ഷിക മന്ത്രി അര്ജുന് മുണ്ട സമാധാനം നിലനിര്‍ത്താനും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചു.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളിലൊന്നായ ഖനൗരിയി പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര് വാതക ഷെല്ലുകളും പ്രയോഗിച്ചു. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ്, കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരുമായി നടത്തിയ നാലാം വട്ട ചര്‍ച്ച പരാജയപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ആയിരക്കണക്കിന് കര്‍ഷകര്‍ വീണ്ടും സമരം ആരംഭിച്ചത്.