ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് രാജ്യം ഇന്ന് വിട നല്‍കും. നിഗം ബോധ്ഘട്ടില് രാവിലെ 11.45നായിരിക്കും സംസ്കാരചടങ്ങുകള്‍ നടക്കുക. മന്മോഹന് സിങ്ങിന് പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.ഇതില്‍ പ്രതിഷേധം ശക്തമാണ്. സ്മാരകങ്ങള്‍ക്ക് സ്ഥലം നല്‍കേണ്ടെന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
നിലവില്‍ ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ വസതിയിലുള്ള മന്മോഹന് സിങിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. 8.30 മുതല്‍ 9.30 വരെയാണ് എഐസിസി യില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്.ശേഷം വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകുക.11.45ന് നിഗംബോധ് ഘട്ടില്‍ പൂര്‍ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
സ്മാരകമുയര്‍ത്താന്‍ കഴിയുന്ന സ്ഥലത്ത് സംസ്കാരം നടത്തണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഡോ.മന്‍മോഹന്‍സിങ് രാജ്യത്തിനു നല്കിയ സേവനം പരിഗണിച്ച് ഇക്കാര്യം അനുവദിക്കണമെന്ന്കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്ത് നല്‍കിയിരുന്നു. രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ ഇന്നലെ അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. മന് മോഹന്‍ സിംഗിനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.