ബെംഗളൂരു: ഐപിഎൽ മത്സരത്തിനിടെ കോഹ്ലിയെ കാണാനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയ യുവാവിന് ക്രൂരമർദനം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ വിരാട് കോലി ബാറ്റു ചെയ്യുമ്പോഴാണു സംഭവം. ഗാലറിയിലെ സുരക്ഷാ വേലികളെല്ലാം ചാടിക്കടന്ന യുവാവ് ഗ്രൗണ്ടിലെത്തി വിരാട് കോലിയുടെ കാലിൽ വീഴുകയായിരുന്നു. പിന്നീട് ഇയാൾ കോലിയെ കെട്ടിപ്പിടിക്കുകയും ചെയ്തു.
ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ ബലം പ്രയോഗിച്ച് ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയി. ഗ്രൗണ്ടിനു പുറത്തെത്തിച്ച ആരാധകനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു. യുവാവിന്റെ മുതുകത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പൊലീസുകാർ നോക്കിനിൽക്കെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.
സാധാരണ ഗ്രൗണ്ടിലേക്ക് കയറുന്ന ആരാധകരെ സ്റ്റേഡിയത്തിൽനിന്ന് പുറത്താക്കുകയും പിഴ ചുമത്തുകയുമാണ് ചെയ്യാറ്. ചില ഇടങ്ങളിൽ പൊലീസിനു കൈമാറും. പൊലീസ് ഉദ്യോഗസ്ഥർ ആരാധകർക്കു താക്കീത് നൽകി വിട്ടയച്ച സംഭവങ്ങളുമുണ്ട്. പക്ഷെ ഇത് അതിര് കടന്ന നടപടിയെന്നാണ് ഉയരുന്ന വിമർശനം.