ബംഗളൂരു : ആന്ധ്ര പ്രദേശിലെ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡു പ്രസാദം നിർമിക്കാനുള്ള നെയ്യിൽ തിളച്ച് കർണാടക രാഷ്ട്രീയം.
തിരുപ്പതിയിലേക്ക് “നന്ദിനി’ ബ്രാൻഡ് നെയ്യ് നൽകിയിരുന്ന കർണാടക മിൽക്ക് ഫെഡറേഷന്റെ(കെഎംഎഫ്) ടെൻഡർ കോൺഗ്രസ് സർക്കാർ നിർത്തിവച്ചെന്നും ഇത് ഹിന്ദുവിരുദ്ധമാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി. തിരുപ്പതി ക്ഷേത്രത്തിലേക്ക് പ്രതിവർഷം നൽകിയിരുന്ന 2,800 ടൺ നെയ്യുടെ ഓർഡർ റദ്ദാക്കിയത് സിദ്ധരാമയ്യ സർക്കാർ ആണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീൽ ആണ് ആദ്യം രംഗത്തെത്തിയത്. കോൺഗ്രസ് ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്നും തിരുപ്പതിയുമായി 50 വർഷമായി ഉണ്ടായിരുന്ന ബന്ധം സിദ്ധരാമയ്യ സർക്കാർ നശിപ്പിച്ചെന്നും കാട്ടീൽ ആരോപിച്ചു. ആരോപണം ഏറ്റെടുത്ത മുതിർന്ന ബിജെപി നേതാവ് സി.ടി. രവി, നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാനായി ഗുജറാത്തിന്റെ “അമുൽ’ ബ്രാൻഡിന്റെ കർണാടകയിലെ സാന്നിധ്യത്തെ വിമർശിച്ച കോൺഗ്രസ് “നന്ദിനി’യെ രാഷ്ട്രീയമായി ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞു.
എന്നാൽ തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നെയ്യ് വിതരണം നിർത്തലാക്കിയത് ഒന്നര വർഷം മുമ്പാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന ഈ സംഭവം ബസവരാജ് ബൊമ്മെയുടെ ഹിന്ദുവിരുദ്ധ നടപടിയാണോയെന്ന് അവർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിദ്ധരാമയ്യ പറഞ്ഞത് ശരിയാണെന്ന് വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) അറിയിച്ചു. ഒന്നര വർഷം മുമ്പ് വരെ കെഎംഎഫുമായി സ്ഥിരം കരാർ ഉണ്ടായിരുന്നെന്നും ഇപ്പോൾ ഏറ്റവും ചെറിയ വിലയ്ക്ക് ഓൺലൈൻ ടെൻഡർ സമർപ്പിക്കുന്നവർക്കാണ് നെയ്യ് വിതരണകരാർ നൽകുന്നതെന്നും ടിടിഡി വ്യക്തമാക്കി.