ബംഗളൂരു : ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്ഷന് തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഒന്നോ അതിലധികമോ വിധവകള്‍ക്ക് ഫാമിലി പെന്ഷന് ക്ലെയിം ചെയ്യാന്‍ റെയില്‍വേ സര്‍വീസസ് ഭേദഗതി ചട്ടങ്ങള്‍, 2016 പ്രകാരം അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു.
റെയില്‍വെ ജീവനക്കാരനായിരുന്ന, മരിച്ചയാളുടെ 40 വയസുള്ള രണ്ടാം ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുടുംബ പെന്‍ഷന്റെ 50 ശതമാനം വിതരണം ചെയ്യാന്‍ റെയില്‍വേയോട് നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു.
2022 ജൂലൈയില്‍ ആദ്യ ഭാര്യയ്ക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും മാത്രം കുടുംബ പെന്‍ഷന്റെ 50 ശതമാനം നല്‍കാനുള്ള ഉത്തരവ് കുടുംബ കോടതി പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഭാര്യ പെന്ഷന് ആനുകൂല്യത്തിനായി കോടതിയെ സമീപിച്ചത്. മറ്റ് ക്ലെയിമുകള്‍ കുടുംബക്കോടതിയില്‍ പരിഹരിക്കേണ്ടതാണെന്നും ഹൈക്കോടതി ഉത്തരവിട്ടു.
രണ്ടാം ഭാര്യ ഹിന്ദു വിവാഹ നിയമപ്രകാരം നിയമപരമായി വിവാഹിതതല്ലെന്നായിരുന്നു ആദ്യ ഭാര്യയുടെ വാദം. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിലെ ഒരു ജീവനക്കാരനാണ് മരിച്ചത്. ഇയാള്‍ മൂന്ന് കുട്ടികളുള്ള ഒരു സ്ത്രീയെ ആദ്യം വിവാഹം കഴിച്ചു. രണ്ടാമത് വിവാഹം കഴിച്ച ഇയാള്‍ക്ക് ആ ബന്ധത്തില്‍ ഒരു കുട്ടി ജനിച്ചു. 2021 മെയിലാണ് ഇയാള്‍ മരിക്കുന്നത്.