കൊല്ലം: പി.എസ് .സിയുടെ വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ കുടുംബ സമേതം ജോലിക്ക് ചേരാൻ എത്തിയ യുവതി അറസ്റ്റിൽ. എഴുകോൺ ബദാം ജംക്ഷൻ രാഖി നിവാസിൽ ആർ.രാഖിയെയാണ് (25) ഈസ്റ്റ് പൊലീസ് പിടികൂടിയത്. കൂടുതൽ പേർക്കു പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ഭർത്താവിന്റെ കുടുംബത്തോടൊപ്പം എത്തിയ രാഖി റവന്യു വകുപ്പിൽ ജോലി ലഭിച്ചതായുള്ള പിഎസ്സിയുടെ അഡ്വൈസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്നിവ സഹിതമാണ് എത്തിയത്. രേഖകൾ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് രേഖകൾ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസിൽദാർ കലക്ടർക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നൽകി.
പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പിഎസ്സി റീജനൽ ഓഫിസിലെത്തി റാങ്ക് ലിസ്റ്റിൽ ആദ്യം പേരുണ്ടായിരുന്നെന്നും അഡ്വൈസ് മെമ്മോ തപാലിൽ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു. പിഎസ്സി ഉദ്യോഗസ്ഥർ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. പിഎസ്സി റീജനൽ ഓഫിസർ ആർ.ബാബുരാജ്, ജില്ലാ ഓഫിസർ ടി.എ.തങ്കം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞു.
രാഖി കുറ്റം സമ്മതിച്ചതായും ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘർഷത്തിൽ ചെയ്തതാണെന്നു പറഞ്ഞതായും പൊലീസ് പറഞ്ഞു. . രാഖി ഹാജരാക്കിയ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവും വ്യാജമാണെന്നും പിഎസ്എസി നടത്തിയ എൽഡി ക്ലർക്ക് പരീക്ഷ എഴുതിയിട്ടില്ലെന്നും തെളിഞ്ഞു. മൊബൈൽ ആപ്പിൽ താൻ കൃത്രിമമായി രേഖകൾ ചമച്ച് സ്വന്തം മേൽവിലാസത്തിലേക്ക് അയക്കുകയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ രാഖി സമ്മതിച്ചു. കൃത്രിമമായി രേഖയുണ്ടാക്കുന്നത് എങ്ങനെയെന്നും അവർ പൊലീസിന് കാണിച്ചുകൊടുത്തു. രേഖകൾ വ്യാജമായി നിർമിച്ചതാണെന്നു ഭർത്താവിനും കുടുംബത്തിനും അറിവില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പിഎസ്സി അധികൃതർ പറയുന്നതിങ്ങനെ:
രാഖിയും ഭർത്താവും രേഖകൾ ഫോണിലാണ് കാണിച്ചത്. യഥാർഥ രേഖകൾ ഹാജരാക്കാനും രേഖാമൂലം പരാതി നൽകാനും പറഞ്ഞിട്ടും ഇരുവരും കൂട്ടാക്കിയില്ല. ഫോണിൽ കാണിച്ച രേഖകൾ ആദ്യ പരിശോധനയിൽ തന്നെ വ്യാജമാണെന്നു തെളിഞ്ഞു. പിഎസ്സി ചെയർമാന്റെ നിർദേശ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 102 –ാം റാങ്ക് ഉണ്ടെന്നും രാഖി പറഞ്ഞിരുന്നു. എന്നാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എക്സാം എഴുതി എന്നു രാഖി പറഞ്ഞ ദിവസം എക്സാം സെന്ററായ സ്കൂളിൽ പരീക്ഷ നടന്നിട്ടില്ല എന്നും തെളിഞ്ഞു.
കുടുംബ സമേതം ജോലിയിൽ പ്രവേശിക്കാനെത്തിയ രാഖി താലൂക്ക് ഓഫിസിലും പിന്നീട് പിഎസ്സി ഓഫിസിലും നൽകിയ രേഖകളെല്ലാം വ്യാജം.
2021 നവംബർ മാസത്തിൽ നടന്ന എൽഡി ക്ലാർക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പുറത്തു വന്നത്. ഈ ലിസ്റ്റിൽ 22 റാങ്ക് നേടി എന്നവകാശപ്പെട്ടു രാഖി ഹാജരാക്കിയ റാങ്ക് ലിസ്റ്റ് വ്യാജമായി നിർമിച്ചതാണ്. യഥാർഥ ലിസ്റ്റിൽ 22–ാം സ്ഥാനം മറ്റൊരാൾക്കാണ്. കൂടാതെ 22 –ാം റാങ്ക് നേടിയ ആളുടെ പേര് റാങ്ക് ലിസ്റ്റിന്റെ രണ്ടാം പേജിലുമാണ്. രാഖി ഹാജരാക്കിയത് ഒന്നാം പേജിൽ അവസാനമായി സ്വന്തം പേരു ചേർത്ത രീതിയിലായിരുന്നു.
നിയമന ഉത്തരവു നൽകി ഒപ്പിട്ടിരിക്കുന്നത് ഡിസ്ട്രിക്ട് ഓഫിസർ, റവന്യു ഡിപ്പാർട്മെന്റ് എന്നാണ്. റവന്യു വകുപ്പിലെ നിയമന ഉത്തരവുകളിൽ ഒപ്പിടേണ്ടത് കലക്ടർമാരാണ്.
പിഎസ്സി അഡ്വൈസ് മെമ്മോയുടെ ഘടനയിലും അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങളുണ്ടായിരുന്നു.