ബംഗളൂരു : എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും കർണാടകയിലെ ഏക ജെഡിഎസ് എംപിയുമായ പ്രജ്വൽ രേവണ്ണയെ കർണാടക ഹൈക്കോടതി അയോഗ്യനാക്കി. ജസ്റ്റീസ് കെ. നടരാജന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി.
ഹാസൻ ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയായിരുന്നു പ്രജ്വൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ സംബന്ധിച്ച് വ്യാജവിവരങ്ങൾ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രജ്വലിനെ ഹൈക്കോടതി അയോഗ്യനാക്കിയത്.
പ്രജ്വലിന്റെ എതിർ സ്ഥാനാർഥി എ. മഞ്ജു നൽകിയ ഹർജിയിലാണ് കോടതി വിധി. പ്രജ്വലിനെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന മഞ്ജുവിന്റെ ആവശ്യവും ഹൈക്കോടതി തള്ളി.
മഞ്ജുവും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്ന് ബോധ്യമായതായി കോടതി വ്യക്തമാക്കി. അതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയല്ലാതെ വേറെ നിർവാഹമില്ലെന്നും കോടതി വ്യക്തമാക്കി