തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി റിപ്പോര്‍ട്ട് നല്കി. എക്സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇനി കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
മാസങ്ങളോളം ജയിലില്‍ കിടന്ന ഷീല കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. ഇതിന് പിന്നാലെയാണ് ഷീലയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ലഹരി വസ്തു അല്ല എന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധനാഫലം പുറത്തുവന്നത്. ഈ ഫലം അടങ്ങുന്ന റിപ്പോര്‍ട്ടാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ചിന്റെ കൊച്ചി വിഭാഗം കോടതിയില്‍ എത്തിച്ചത്. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് ഷീല സണ്ണിയെ ഒഴിവാക്കണമെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പരിഗണിക്കുന്ന കോടതിയാണ് ഇക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.
അതിനിടെ, ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയതില്‍ സസ്പെന്‍ഷനിലായ എക്സൈസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എക്സൈസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് ഫോണ്‍ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് സസ്പെന്‍ഷനിലായ എക്സൈസ് ഉദ്യോഗസ്ഥന്റെ ഫോണും സിംകാര്‍ഡും എക്സൈസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥന്റെ മൊഴി ശരിയാണോ എന്ന് ഉറപ്പുവരുത്താന്‍ ഫോണും സിംകാര്‍ഡും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.