പാലക്കാട് : മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ മുന്‍പരിചയ രേഖ നിര്‍മിച്ചുവെന്ന കേസില്‍ അട്ടപ്പാടി ഗവ. കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ പോലീസ് ഇന്ന് സമര്‍പ്പിക്കും. കേസ് അന്വേഷണ ചുമതലയുള്ള അഗളി പൊലീസാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുക.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോളേജില്‍ എത്തിയ അഗളി പോലീസ് പ്രിന്‍സിപ്പാളിന്റെയും അഭിമുഖ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളും വിദ്യയുടെ ഫോണ്‍ കോള്‍ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ചിട്ടുണ്ട്.കേസിൽ നീലേശ്വരം പോലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവുകൾ ശേഖരിച്ചു.കാസർഗോഡ് കരിന്തളം കോളജിൽ ജോലി ലഭിക്കുന്നതിനായി വിദ്യ മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയത് അന്വേഷിക്കാനാണ് പോലീസ് എത്തിയത്. മഹാരാജാസ് കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും പോലീസ് ശേഖരിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് നൽകുന്ന അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയും പോലീസ് പരിശോധിച്ചു.