ആലപ്പുഴ: വ്യാജ ബികോം സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ മുൻ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഉടൻ ചോദ്യം ചെയ്യൽ തുടങ്ങും. വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
വ്യാജ സർട്ടിഫിക്കറ്റാണോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് നിഖിൽ പ്രതികരിച്ചില്ല. ഇന്നലെ അർദ്ധരാത്രി കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിൽവച്ച് കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്. കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്കാണ് ഇയാൾ ടിക്കറ്റെടുത്തത്. നിഖിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്.
നിഖിലിന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നൽകിയെന്ന് കരുതുന്ന മുൻ എസ് എഫ് ഐ നേതാവിനെ മാല ദ്വീപിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങി. നിഖിലിന്റെ സുഹൃത്തായ ഇയാൾ നേരത്തെ കായംകുളത്ത് എഡ്യുക്കേഷൻ കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്നു. കലിംഗ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സമയത്ത് നിഖിലിന്റെ അക്കൗണ്ടിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. നിഖിലിനെ കൂടാതെ മറ്റു ചിലർക്കും ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായി സംശയമുണ്ട്.