തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് നൽകി എംകോമിന് പ്രവേശനം നേടിയ സംഭവത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. കേരള സർവകലാശാല നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കി.ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് കേരള സര്‍വകലാശാല രജിസ്ട്രാറോട് കലിംഗ സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു.കലിംഗയില്‍ ബികോം കോഴ്സ് പൂര്‍ത്തിയാക്കിയെന്ന നിഖിലിന്റെ വാദം വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എംഎസ്എം കോളജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. 2018 – 2020 കാലഘട്ടത്തില്‍ ഇയാള്‍ ഇതേ കോളജില്‍ ബികോം ചെയ്തെങ്കിലും പാസായില്ല. പിന്നീട് പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു.
ബികോം പഠനകാലത്ത് 2019 ല്‍ എംഎസ്എം കോളജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന് ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍. കേസെടുത്തതിന് പിന്നാലെ നിഖില്‍ തോമസ് ഒളിവിൽപോയി. നിഖിലിനെ കണ്ടെത്താന്‍ കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ നടത്തുകയാണ്. നിഖിലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് ഫോണിന്റെ ലൊക്കേഷന്‍ അവസാനം കണ്ടെത്തിയത്.