കൊച്ചി: ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ‘ആവേശം’ ഒ ടി ടി റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് ഒമ്പതിന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഇതിനകം 150 കോടി ആഗോള കളക്ഷൻ നേടി. ഏപ്രില്‍ 11നാണ് ചിത്രം തിയേറ്റുകളില്‍ എത്തിയത്.
കോളേജ് വിദ്യാർത്ഥികളുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം, ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയ്മറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്. സമീർ താഹിർ ആണ് ഛായാഗ്രാഹകൻ. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം നൽകിയത്. എഡിറ്റർ വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, വസ്ത്രാലങ്കാരം മഷർ ഹംസ.