കൊല്ലം : ഒരുകാലത്ത് സിപിഐഎമ്മിന്റെ ഏറ്റവും വലിയ ശാപമായിരുന്ന വിഭാഗീയത അപൂര്‍വമായെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ഉണ്ടെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് വിഭാഗീയതയെ കുറിച്ച് വ്യക്തമായ പരാമര്‍ശം ഉള്ളത്. വ്യക്തികള്‍ക്ക് പിന്നിലും സ്ഥാപിത താല്പര്യങ്ങള്ക്ക് വേണ്ടിയും അണിനിരക്കുന്ന പ്രവണത ഇപ്പോഴുമുണ്ടെന്നും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
‘ഇക്കഴിഞ്ഞ സമ്മേളനഘട്ടത്തില്‍ വിഭാഗീയമായ പ്രവണതകള്‍ പൊതുവേ അവസാനിച്ചുവെങ്കിലും അത്തരം സംസ്കാരത്തിന് അകപ്പെട്ടുപോയ സഖാക്കള്‍ അപൂര്‍വമായി ചിലയിടങ്ങളില്‍ ഉണ്ട്. അതിന്റെ ഭാഗമായി ഈ സമ്മേളനത്തിലും ചില പ്രശ്നങ്ങള്‍ പ്രാദേശികമായി ഉയര്‍ന്നു വന്നിട്ടുണ്ട്. വിവിധ തരത്തിലുള്ള പ്രശ്നങ്ങളാണ് അതിലുള്ളത്. ഇവയെല്ലാം ശരിയായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയേണ്ടതുണ്ട്’- റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം പരാതികള്‍ എങ്ങനെ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ പരാതികളെല്ലാം സംസ്ഥാന സെന്ററില്‍ നിന്ന് ഒരു കൂട്ടം സഖാക്കള്‍ സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് പരിശോധന നടത്തി പരിഹരിക്കും. ആവശ്യമുണ്ടെങ്കില്‍ ഈ ഘടകങ്ങളിലും സംസ്ഥാന സെന്ററില്‍ നിന്നുള്ള സഖാക്കള്‍ പങ്കെടുത്ത് കൊണ്ട് മെറിറ്റും മൂല്യങ്ങളും കണക്കിലെടുത്ത് തീരുമാനം എടുക്കണം. തെറ്റായി ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിലും വിഭാഗീയമായ പ്രവര്‍ത്തന സംബന്ധിച്ച് ശരിയായ പരിശോധന നടത്തി ആവശ്യമായ നിലപാട് എടുക്കും.
നേരത്തെ സമ്മേളനഘട്ടത്തില്‍ ലോക്കല്‍ കമ്മിറ്റികളില്‍ സംസ്ഥാന സെക്രട്ടറി വരെ പങ്കെടുത്തിരുന്നു. ഈ നിലപാട് ഇക്കാര്യത്തിലും തുടരും. പാര്‍ട്ടിക്ക് പിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുന്നതിന് പകരം വ്യക്തിക്ക് പിന്നിലും സ്ഥാപിത താല്പര്യങ്ങള്ക്കുവേണ്ടിയും പാര്‍ട്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കും, റിപ്പോര്‍ട്ട് പറയുന്നു.