ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞും അതിശൈത്യവും തുടരുന്നു. പലയിടങ്ങളിലും കാഴ്ച പോലും മറയ്ക്കുന്ന തരത്തില്‍ മൂടല്‍ മഞ്ഞായിരുന്നു. ജനുവരി നാലു വരെ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറയ്ക്കപ്പെട്ടതുമൂലം ഗതാഗതം സ്തംഭിച്ചു. 23 ട്രെയിനുകള്‍ വൈകി ഓടുന്നതായി റെയില്‍വേ അറിയിച്ചു. മൂടല്‍ മഞ്ഞ് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ രാവിലെയും രാത്രിയിലും റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. മലിനീകരണ തോത് ഉയർന്നതിന് പിന്നാലെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.