


തൃശൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിർണയത്തില്‍ സിപിഐയില്‍ പൊട്ടിത്തെറി. തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് എതിരെ നാട്ടിക എംഎല്‍എ സിസി മുകുന്ദന് രംഗത്തെത്തി. സിപിഐ നേതൃത്വത്തിന് എതിരെ പേയ്മെന്റ് സീറ്റ് ആക്ഷേപം ഉള്‍പ്പെടെ ഉന്നയിച്ചാണ് സിറ്റിങ് എംഎല്‍എ കൂടിയായ സിസി മുകുന്ദന് രംഗത്തെത്തിയിരിക്കുന്നത്.
നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിന് എതിരെയാണ് സിസി മുകുന്ദന് തുറന്നടിച്ചത്. പാര്‍ട്ടിക്ക് പണം നേടിക്കൊടുക്കാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലാണ് ഗീത ഗോപിക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചത് എന്നാണ് സിസി മുകുന്ദന്റെ ആരോപണം. സീറ്റ് തന്നില്ലെങ്കിലും മത്സര രംഗത്തുണ്ടാകുമെന്നും സിസി മുകുന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. സ്ഥാനാര്‍ഥിത്വം പരിശോധിക്കണം. നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. കഴിഞ്ഞ തവണ അവരെ മാറ്റിയാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടിക്ക് സാമ്പത്തികം കൊണ്ടുവരാന്‍ കഴിയുന്ന ആളാണ്. പാര്‍ട്ടി പത്ത് രൂപ പോലും വാങ്ങി നല്കാന് തനിക്കായിട്ടില്ല. അതാണ് എന്റെ കുറവായി കണക്കാക്കുന്നത്. മുറിവേറ്റിട്ടുണ്ട്, അതാണ് തോന്നുന്നത്. താന്‍ ഇത്തരം ഒരു നിലപാട് എടുത്താന്‍ പാര്‍ട്ടി നടപടി എടുത്തേക്കും. അതില്‍ ഭയമില്ല. സിസി മുകുന്ദന് വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങള്‍ ചര്‍ച്ച ചെയ്താണ് സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണയിലെത്തിയത്. സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നത് ഉള്‍പ്പെടെ പരിഗണിച്ചാണ് സിപിഐ മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രം എന്ന വിശേഷിപ്പിക്കാവുന്ന ജില്ലയില്‍ സിറ്റിങ് എംഎല്‍എ തന്നെ കലാപക്കൊടി ഉയര്‍ത്തുന്നത്.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സിപിഐയുടെ സിറ്റിങ് സീറ്റായ പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന് തന്നെ സ്ഥാനാര്‍ഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ടി ടി ജിസ്മോനാകും മത്സരിക്കുക. ഒല്ലൂരില്‍ മന്ത്രി കെ രാജന് വീണ്ടും മത്സരിക്കും. കൊടുങ്ങല്ലൂരില്‍ സിറ്റിങ് എംഎല്‍എ വി ആര്. സുനില്‍കുമാറിന് ഇളവ് നല്‍കും. കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരാജ് മത്സരിക്കും.