ന്യഡല്‍ഹി: 2023-2024ലെ സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തു വിട്ട ജിഡിപി കണക്കില്‍ ആശങ്ക രേഖപ്പെടുത്തി വിദഗ്ദ്ധർ. സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 8.4 ശതമാനമെന്ന വലിയ വളര്‍ച്ചാ കണക്കിലാണ് പ്രശ്നം ചൂണ്ടിക്കാണിക്കുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാനം 6.5 ശതമാനം എന്നുള്ളതായിരുന്നു. ജിഡിപിയിലുണ്ടായ വര്‍ധനവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിയായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.
അതിനിടയിലാണ് ജിഡിപി കണക്കിനെക്കുറിച്ചുള്ള ചർച്ച സജീവമായത്. ജിവിഎ അതായത് ഗ്രോസ് വാല്യു ആഡഡ് 6.5 ശതമാനമായിരിക്കെ ജിഡിപിയിലുള്ള വലിയ വര്‍ധനവാണ് സംശയത്തിനാധാരം. ജിഡിപിയില്‍ നിന്ന് പരോക്ഷ നികുതിയും സബ്സിഡിയും കുറക്കുന്നതാണ് ജിവിഎ. അപ്പോള്‍ എങ്ങനെയാണ് ഇത്രയും വലിയ വളര്‍ച്ചയുണ്ടാകുന്നതെന്നാണ് ഉയരുന്ന ചോദ്യം.
2022-23ലെ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തില്‍ ജിഡിപി 4.3 ശതമാനവും ജിവിഎ 4.8 ശതമാനവുമായിരുന്നു. ഒരു വര്‍ഷത്തിനിപ്പുറമാണ് ഇത്രയും വലിയ വ്യത്യാസം വന്നത്. 15 ശതമാനത്തോളം നികുതിയിലുണ്ടായ വര്‍ധനവാണ് ജിഡിപിയുടെ വളര്‍ച്ചക്ക് കാരമെന്നാണ് വിലയിരുത്തല്‍. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരത്തില്‍ കണക്കുകള്‍ പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്.