കോഴിക്കോട് : കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി . നിർമാണത്തിൽ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് പരിശോധന നടന്നത് . അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും
കൂരിയാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായല്ല പ്രദേശത്ത് ദേശീയപാതയുടെ നിർമാണ പ്രവർത്തനം നടന്നതെന്ന് നാട്ടുകാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു . ഇതാണ് അപകടത്തിന് കാരണമായതെന്ന് ഇവർ പറയുന്നു . ഇതിനിടെയാണ് അപകടത്തെ കുറിച്ച് പഠിക്കാൻ ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗ സംഘം സ്ഥലത്ത് പരിശോധന നടത്തിയത് . തകർന്ന ദേശീയ പാതയും , സർവീസ് റോഡും ഇവർ നടന്ന് നിരീക്ഷിച്ചു . നിർമാണ കമ്പനിയുടെ പ്രതിനിധികളോടും നാട്ടുകാരോടും ഇവർ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു . തങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി സംഘത്തിനോട് പറഞ്ഞതായി നാട്ടുകാർ വ്യക്തമാക്കി.
പരിശോധന പൂർത്തിയാക്കിയെന്നും അടുത്ത ദിവസം റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കുമെന്നും വിദഗ്ദ സംഘം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് നിലവിലെ നിർമിതിക്ക് പകരം മേൽപ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സ്ഥലം സന്ദർശിച്ച സംഘം നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി .അതിനിടെ ഇവിടെ ചെറിയ തോതിൽ പ്രതിഷേധവും നടന്നു . സംഘം പ്രദേശവാസികളോട് പൂർണമായും കാര്യങ്ങൾ ചോദിച്ചറിഞ്ഞില്ല എന്നാണ് ഇവരുടെ പരാതി . പിന്നീട് ഇവർ പിരിഞ്ഞ് പോവുകയായിരുന്നു.