തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്(ആര്‍ഒസി) റിപ്പോര്‍ട്ട്.
സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നും എന്നാല്‍ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്സാലോജിക് കൈമാറിയെന്നും ബംഗലൂരു ആര്‍ഒസിയുടെ റിപ്പോര്‍ട്ട് പറയുന്നു.
വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്ന് ബംഗലൂരു ആര്‍ഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കമ്പനീസ് ആക്ട് 2013 പ്രകാരം, കമ്പനികാര്യ ഇടപാടുകളില്‍ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷന്‍ 447, രേഖകളില്‍ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷന്‍ 448, എന്നീ വകുപ്പുകള്‍ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എക്സാലോജിക്കും സിഎംആര്‍എല്ലുമായുള്ള ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കരാറിന്റെ വിശദാംശങ്ങള്‍ എക്സാലോജിക്ക് മറച്ചുവച്ചെന്നും ആരോപിക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനും സിഎംആര്‍എല്ലിനും കെഎസ്ഐഡിസിക്കും എതിരെ കഴിഞ്ഞ ദിവസം കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.