ന്യൂഡൽഹി: ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. മകൻ ഷോൺ ജോർജ് അടക്കമുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വമെടുത്തു . ജനപക്ഷത്തെ ബിജെപിയിൽ പൂർണമായും ലയിപ്പിച്ചുകൊണ്ടാണ് പിസി ജോർജിന്റെ നീക്കം. വൈകുന്നേരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി പി.സി ജോർജ് കൂടിക്കാഴ്ച നടത്തും.
കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ പിസി ജോർജ്ജിനൊപ്പമുണ്ടായിരുന്നു. പിസി ജോർജിൻ്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി ദേശീയനേതൃത്വം ആവശ്യപ്പെട്ടതിനെത്തുടർന്ന് പി.സി. ജോർജും ഷോൺ ജോർജും പാർട്ടിയിലെ ഒരു നേതാവും ചൊവ്വാഴ്ച ഡൽഹിയിൽ വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ആദ്യം ജനപക്ഷത്തെ ഒരു ഘടകകക്ഷിയായി മുന്നണിയിലെടുക്കണമെന്ന ആവശ്യം ജോർജ് മുന്നോട്ടുവച്ചെങ്കിലും സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് ശക്തമായതോടെയാണ് പാർട്ടിയിൽ ചേരണമെന്ന ആവശ്യം അംഗീകരിക്കാൻ തയാറായത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പി.സി. ജോർജ് മത്സരിക്കുമെന്നാണ് സൂചന.