പെരുമ്പാവൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയ്ക്ക് (83) ആയിരങ്ങളുടെ അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 5.40നായിരുന്നു അന്ത്യം. ആലുവ ചാലക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാത്രി എട്ടോടെ മാറമ്പിള്ളി ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി.
കെ.കരുണാകരൻ മന്ത്രിസഭയിൽ 1991മുതൽ 1995വരെ ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരുന്നു. അഞ്ച് തവണ നിയമസഭാംഗമായി. ആലുവ ചാലക്കൽ തോട്ടത്തിൽ കോട്ടപ്പുറത്ത് കുടുംബത്തിൽ 1941 ഡിസംബർ ഏഴിനായിരുന്നു ജനനം. 16-ാം വയസിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 14 വർഷം എറണാകുളം ഡി.സി.സി പ്രസിഡന്റായിരുന്നു. 1978 മുതൽ 1983വരെ കെ.പി.സി.സി വൈസ് പ്രസിഡന്റ്, എ.ഐ.സി.സി അംഗം. കെ.കരുണാകരൻ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വിശ്വസ്തനായിരുന്നു.
1977ൽ ആലുവയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1982, 1987, 1991, 2001 തിരഞ്ഞെടുപ്പുകളിൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1982ൽ കരുണാകരൻ നിയമസഭാകക്ഷി നേതാവും മുസ്തഫ ഉപനേതാവുമായിരുന്നു. സംസ്ഥാന ഖാദി ബോർഡ് വൈസ് ചെയർമാനായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാനായും സിയാൽ ഡയറക്ടറായും പ്രവർത്തിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന, ദേശീയ നിർവാഹക സമിതികളിൽ അംഗമായിരുന്നു.
ഭാര്യമാർ: റുഖിയ, പരേതയായ റിഫ്ക ബീഗം. മക്കൾ: ടി.എം.സാദിഖ്, ടി.എം.സത്താർ, ടി.എം. സക്കീർ ഹുസൈൻ (പെരുമ്പാവൂർ മുൻ മുനിസിപ്പൽ ചെയർമാൻ, കെ.എസ്.യു,കെ.പി.സി.സി മുൻ സെക്രട്ടറി), ടി.എം.ഷംസുദ്ദീൻ, ടി.എം.സിറാജുദ്ദീൻ (ദോഹ), ടി.എം.ഷൗക്കത്ത്, ഫാത്തിമ, ഐഷ. മരുമക്കൾ: ഡോ.അബ്ദുൾ റസാഖ്, റഹ്നു, നജീർ, ഷിഫ, തസ്നി, ഷാഹിന.