തൃപ്പൂണിത്തുറ : കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തൃപ്പൂണിത്തുറ കോട്ടയ്ക്കകം ലോട്ടസ് നന്ദനം അപ്പാർട്ട്മെന്റിൽ പി രവിയച്ചൻ (96) അന്തരിച്ചു. 1952 മുതൽ 1970 വരെ കേരളത്തിനുവേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരം കളിച്ചു. 1107 റൺസും 125 വിക്കറ്റും നേടി. ക്രിക്കറ്റിന് കേരളത്തിൽ പ്രചാരവും വേരോട്ടവും നൽകിയവരിൽ പ്രമുഖനായിരുന്നു അന്തരിച്ച പാലിയത്ത് രവിയച്ചൻ.
ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി 100 വിക്കറ്റും 1000 റണ്ണും നേടിയ ആദ്യ കളിക്കാരനാണ്. മികച്ച ഓൾറൗണ്ടറായിരുന്ന അദ്ദേഹം 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 1107 റണ്ണും 125 വിക്കറ്റും നേടി. ഉയർന്ന സ്കോർ 70 ആണ്. ബൗളിങിൽ മികച്ച പ്രകടനം 6/48.തൃപ്പൂണിത്തുറ പാലിയത്ത് കുടുംബാംഗമായി 1928ൽ ജനിച്ച രവിയച്ചൻ സ്വാതന്ത്ര്യാനന്തരം തിരു–കൊച്ചി ടീമിലും പിന്നീട് കേരള ടീമിലും സ്ഥിരസാന്നിധ്യമായിരുന്നു. കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം ക്രിക്കറ്റ് സംഘാടനത്തിലും സജീവമായിരുന്നു രവിയച്ചൻ.
കഥകളികേന്ദ്രം, പൂർണത്രയീശ സംഗീതസഭ, പൂർണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നിവയുടെ അധ്യക്ഷനായും ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ടെന്നീസ്, ഷട്ടിൽ, ടേബിൾ ടെന്നീസ്, ബോൾ ബാഡ്മിന്റൺ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്. കൊച്ചി ഇളയ തമ്പുരാൻ അനിയൻകുട്ടൻ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928ലാണ് ജനനം. മകൻ: രാംമോഹൻ. മരുമകൾ: ഷൈലജ. സംസ്കാരം ചൊവ്വ പകല്‍ 3ന് ചേന്ദമംഗലം പാലിയം തറവാട്ടില്‍.