ബെംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. വെള്ളിയാഴ്ച ഷിമോഗയില്‍ തന്റെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈശ്വരപ്പ ഇക്കാര്യം അറിയിച്ചത്. തന്റെ മകന് കെ.ഇ കാന്തേഷിന് ഹവേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയെ ഈശ്വരപ്പ കുറ്റപ്പെടുത്തി.മുൻ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈയാണ് ഹാവേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി.
യെദ്യൂരപ്പയുടെ മകന് ബി.വൈ രാഘവേന്ദ്രയാണ് ഷിമോഗയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പര്‍ താരം ഡോ. രാജ്കുമാറിന്റെ മരുമകളും ചലച്ചിത്ര താരം ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീത ശിവരാജ്കുമാറാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.യെദ്യൂരപ്പ കുടുബത്തിന്റെ പിടിയിലാണ് കര്‍ണാടക ബി.ജെ.പി എന്ന് ഉയര്‍ത്തിക്കാട്ടാന്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു.സംസ്ഥാനത്തെ കുടുംബ രാഷ്ട്രീയത്തിൽ ഹിന്ദുത്വ പ്രവർത്തകർക്ക് വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ എടുത്തിട്ടുള്ള തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.