കണ്ണൂര്‍ : എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി.പി ദിവ്യ. എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണമെന്നും അനീതി കൺകുളിർക്കെ കാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ളആർജ്ജവവും ആർക്കും അടിയറവ് വെക്കരുതന്നുമാണ് പോസ്റ്റ്. ‘പോരാട്ടം തുടരുക തന്നെയെന്ന’ ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെ വരികളും വരയും ദിവ്യ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ ഹരജി നൽകിയത്. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലാണ് കോടതി തള്ളിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവെച്ചു. വിഷയത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമെന്തെന്ന് അപ്പീൽ പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. അപ്പീൽ തള്ളിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ പറഞ്ഞു.