മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ സഹോദരൻ ടിസിൻ തച്ചങ്കരിയുടെ വൻകിട കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനു വഴികാട്ടിയത് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം. ‘ദൗത്യം മല കയറുമോ’ എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയ ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമിയാണ് തിങ്കളാഴ്ച അധികൃതർ എത്തി ഒഴിപ്പിച്ചത് .
ചിന്നക്കനാൽ സൂര്യനെല്ലിയിലെ 221/ 1 സർവേ നമ്പറിലെ അനധികൃതമായി കയ്യേറിയ 7.07 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. മൂന്നാർ കാറ്ററിങ് കോളേജിനായി ഏഴുനിലയുള്ള ഹോസ്റ്റലും ഇവിടെ നിർമിച്ചിരുന്നു. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം ഒഴിപ്പിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാണിച്ച വൻകിടക്കാരുടെ കയ്യേറ്റങ്ങളിൽ ഒന്നാണ്. കേരളാ ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച കൈയ്യേറ്റക്കാരുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ടിസിൻ. മൂന്നാർ കാറ്ററിംഗ് കോളജ് ഹോസ്റ്റൽ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുക്കും.
സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാൽ വില്ലേജ് ഓഫീസർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഉടുമ്പുഞ്ചോല തഹസീൽദാർക്കും ദേവികുളം സബ് കളക്ടർക്കും അപ്പീൽ നല്കിയിരുന്നു . ഇതുരണ്ടും മാസങ്ങൾക്ക് മുൻപേ തള്ളിയതിനെ തുടർന്നാണ് ഇടുക്കി സബ് കളക്ടറുടെ സംഘമെത്തി കെട്ടിടം ഒഴിയാൻ 30 ദിവസത്തെ സമയം നൽകിയത്. കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗവും കൈയ്യേറ്റ ഭൂമിയിലാണ്. ഇത് സംബന്ധിച്ചു കോടതിയിൽ കേസുണ്ട്. അതിനാലാണ് ഒഴിപ്പിക്കൽ നീളുന്നത്.