ഇലക്ട്രോണിക് വാഹനങ്ങളുടെ വില വൻതോതിൽ കുറയ്ക്കുന്ന പുതിയ വൈദ്യുത വാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇ.വികളുടെ ഇറക്കുമതി തീരുവ അഞ്ചുവർഷത്തേയ്ക്ക് 15 ശതമാനമായാണ് കുറച്ചത്. ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. നിലവിലെ 70 മുതൽ 110 ശതമാനത്തിൽനിന്നാണ് തീരുവ കുത്തനെ കുറയ്ക്കുന്നത്. എന്നാൽ ചില സുപ്രധാന വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് കേന്ദ്രം നയം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവർഷം 8000 കാറുകളുടെ ഇറക്കുമതിക്ക് മാത്രമാണ് കുറഞ്ഞ താരിഫ് ബാധകം. മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് ഫാക്ടറി സ്ഥാപിക്കാൻ 4,150 കോടി രൂപ കമ്പനികൾ മുടക്കുകയും വേണം. മൂന്ന് വർഷംകൊണ്ട് 30 ശതമാനവും അഞ്ച് വർഷംകൊണ്ട് 50 ശതമാനവും ഘടകങ്ങൾ ഇന്ത്യൻ നിർമിക്കണമെന്നും ഇവി നയത്തിൽ വ്യവസ്ഥ ചെയ്യുന്നു.
പുതിയ നയം പ്രഖ്യാപിച്ചതോടെ ചൈനീസ് കമ്പനികൾ ഇന്ത്യയെ നോട്ടമിട്ടുകഴിഞ്ഞു. ഓട്ടോമൊബൈൽ മേഖലയിലെ വിദേശ നിക്ഷേപത്തിന് പ്രത്യേക നിയന്ത്രണമൊന്നുമില്ലെങ്കിലും ചൈനയിൽനിന്നുള്ള ഏതൊരു നിക്ഷേപത്തിനും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികൾക്ക് പുതിയ നയത്തിന്റെ പ്രയോജനം ലഭിക്കാൻ സാധ്യതയില്ല. അതേസമയം, ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്നത് ടെസ്ലയുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ നടപ്പാകുന്നത്. ഇന്ത്യയെപ്പോലുള്ള വിപണികൾ ലക്ഷ്യമിട്ട് വില കുറഞ്ഞ കാറ് പുറത്തിറക്കാനാണ് ടെസ്ലയുടെ നീക്കം. ഇന്ത്യയിൽ വികസിപ്പിച്ച് ഇവിടെ തന്നെ ഉത്പാദന കേന്ദ്രമാക്കാനാകും ടെസ്ല തയ്യാറാകുക.
മേഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി എന്നിവക്ക് പുതിയ നയം ഗുണകരമാകുമോയെന്ന് സംശയമാണ്. ആഡംബര കാർ സെഗ്മെന്റിൽ 2023ൽ ഇവിയുടെ വിഹിതം ആറ് ശതമാനമാണ്. ടെസ്ലക്ക് അതിവേഗം ഇ.വി മേഖല പിടിച്ചെടുക്കാനും മറ്റ് കമ്പനികളെ പിന്നിലാക്കാനും കഴിയും. വിലകുറഞ്ഞ കാറ് നിർമിക്കാൻ ബെൻസിനോ ബിഎംഡബ്ല്യുക്കോ ഓഡിക്കോ പദ്ധതികളില്ലെന്നത് ടെസ്ലക്ക് ഗുണകരമാകും.
ഇന്ത്യയിൽ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശികമായി ഫാക്ടറി നിർമിക്കാൻ നയം നിർബന്ധിക്കുന്നു. പ്രതിവർഷം 8,000 യൂണിറ്റ് ഇറക്കുമതി ചെയ്യാൻ വലിയ നിക്ഷേപം വേണ്ടിവരും. അതുകൊണ്ടുതന്നെ മൂന്നു വർഷത്തിനു ശേഷം കൂടുതൽ കാറുകൾ പ്രാദേശികമായി നിർമിക്കാൻ സാധ്യതയുണ്ട്. ടസ്ലയോ മറ്റുകമ്പനികളോ നിർമാണയൂണിറ്റുകൾ സ്ഥാപിക്കുമ്പോൾ പ്രാദേശിക ഘടക വ്യവസായത്തെ ആശ്രയിക്കാതെ തരമില്ല. അതുകൊണ്ടുതന്നെ അനുബന്ധ വ്യവസായ മേഖലയ്ക്ക് ഗുണകരമാകും. അവരുടെ ഗവേഷണ-വികസന മുന്നേറ്റത്തിനും കയറ്റുമതിക്കുമുള്ള സാധ്യതകൾ അത് തുറന്നുനൽകും.
ഇലോൺ മസ്കിന്റെ ടെസ്ലയെ കൂടാതെ വിയറ്റ്നാമിൽനിന്നുള്ള വിൻഫാസ്റ്റ്, അമേരിക്കൻ സ്റ്റാർട്ടപ്പായ ഫിസ്കർ എന്നിവയോടൊപ്പം യൂറോപ്പ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള കമ്പനികളുമായും ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തമിഴ്നാട്ടിൽ ഫാക്ടറി നിർമിക്കുന്നതിനായി 4000 കോടി രൂപയുടെ പദ്ധതി വിൻഫാസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് കഴിഞ്ഞവർഷം ഏപ്രിലിൽ രജിസ്റ്റർ ചെയ്ത യുഎസിൽനിന്നുള്ള ഫിസ്കർ, എസ്.യു.വിയുടെ പരീക്ഷണവുമായി മുന്നോട്ടുപോകുകയാണ്.