കൊച്ചി : മാർപാപ്പയുടെ നിർദേശത്തിനനുസരിച്ച് ക്രിസ്മസിന് പാതിരാകുർബാന അൾത്താര അഭിമുഖമായി നടത്തി സെന്റ് മേരീസ് ബസിലിക്ക തുറക്കാൻ വൈദികർ ധാരണയായി. ക്രിസ്മസ് ദിനത്തിലെ മറ്റു കുർബാനകളെല്ലാം പഴയതുപോലെ ജനാഭിമുഖമായി നടത്താനുമാണ് തീരുമാനം. ഇത് നടപ്പാക്കാൻ അൽമായ സംഘടനകളുമായി ചർച്ച നടത്താൻ ആലോചനയുണ്ട്.
തീരുമാനമായാൽ തിരുപ്പിറവിസമയത്തെ ഏകീകൃത കുർബാന അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരാകും ചൊല്ലുക.രണ്ടാംവട്ടവും എത്തിയ മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ആർച്ച് ബിഷപ് സിറിൽ വാസിൽ കൂടിക്കാഴ്ചകൾ പൂർത്തിയാക്കി മടങ്ങി. ഏകീകൃത കുർബാനയെച്ചൊല്ലി എറണാകുളം–അങ്കമാലി അതിരൂപതയിൽ നടന്നിരുന്ന തർക്കം പരിഹരിക്കാനായിരുന്നു മാർപാപ്പയുടെ പ്രതിനിധി വന്നത്. നിർദേശങ്ങൾ മാർപാപ്പയുമായി ക്രിസ്മസിനുശേഷമായിരിക്കും ചർച്ച ചെയ്യുക.
ആർച്ച് ബിഷപ് സിറിൽ വാസിൽ സമർപ്പിക്കുന്ന നിർദേശങ്ങളിൽ സ്ഥിരമായി കുർബാനക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ മാർപാപ്പയുടെ അഭിപ്രായം കൂടി പരിഗണിച്ച് സിറോ മലബാർ സഭയുടെ അടുത്ത സുന്നഹദോസിലാകും തീരുമാനിക്കുക. സഭയുടെ അടുത്ത ആർച്ച് ബിഷപ്പിനെ തീരുമാനിക്കാനുള്ള സുന്നഹദോസിലാകും ഇതും ചർച്ച ചെയ്യുക.