പാലക്കാട് : എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ രണ്ട് ബോഗികൾക്കടിയിൽ തീ കണ്ടെത്തിയത് ആശങ്ക പടർത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പാലക്കാട് പറളി പിന്നിട്ടപ്പോൾ ബോഗികൾക്ക് അടിയിൽ തീ പടരുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. റെയിൽവേ ഉദ്യോഗസ്ഥർ എത്തി തീ അണയ്ക്കുകയായിരുന്നു.
പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനാൽ ട്രെയിൻ യാത്ര തുടരുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് തീ പിടിക്കാൻ ഇടയാക്കിയത്. എന്നാൽ ഇത് ആശങ്കപ്പെടാനില്ലെന്നും നിസാമുദ്ദീൻ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിൽ രണ്ട് തവണയാണ് തീവണ്ടിയിൽ ആക്രമണമുണ്ടായത്. അതിനാൽ അതീവ ജാഗ്രതയിലാണ് റെയിൽവേ. ട്രെയിനിൽ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. കണ്ണൂരിലും നിർത്തിയിട്ട ട്രെയിനിൻ്റെ ബോഗിക്ക് തീയിട്ടതും മാസങ്ങൾക്ക് മുമ്പാണ്.