കൊച്ചി : 105 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യവുമായി
എറണാകുളം ജനറൽ ആശുപത്രിക്ക് പുതിയ കാൻസർ ബ്ലോക്ക്. 25 കോടി രൂപ ചെലവഴിച്ച് ആറുനിലകളിലായി അത്യാധുനികസൗകര്യങ്ങളോടെയാണ് ക്യാൻസർ കെയർ മന്ദിരം നിർമിച്ചിട്ടുള്ളത്. സിഎസ്എംഎല്ലുമായി ചേർന്ന് ഇൻകെലാണ് കെട്ടിടം നിർമിച്ചത്. ഒക്ടോബർ രണ്ടിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വാർഡുകൾ, രണ്ട് ആധുനിക ഐസിയു, നാല് ഒപി, ഫാർമസി എന്നിവയുണ്ട്. സ്ത്രീകളുടെ വാർഡ് മൂന്നാംനിലയിലും പുരുഷവാർഡ് നാലാംനിലയിലുമാണ്. ഒപി, ഫാർമസി, ചികിത്സാമുറി എന്നിവ ഒന്നാംനിലയിലും കീമോതെറാപ്പി വാർഡ് രണ്ടാംനിലയിലുമാണ്. നഴ്സുമാർ, ജീവനക്കാർ, ഡോക്ടർമാർ എന്നിവർക്കുള്ള വിശ്രമമുറി, കൂട്ടിരിപ്പുകാർക്ക് ഭക്ഷണം കഴിക്കാനുള്ള മുറി, ഇൻഷുറൻസ്, രജിസ്ട്രേഷൻ, ഹെൽപ്പ് ഡെസ്കുകൾ എന്നിവയുമുണ്ട്. രണ്ട് ലിഫ്റ്റുകളിലായി 26 പേർക്കുവീതം കയറാം. കീമോതെറാപ്പി മരുന്ന് മിക്സ് ചെയ്യുന്ന ബയോ സേഫ്റ്റി ക്യാബിനറ്റും ഇവിടെ സ്ഥാപിച്ചു. പാർക്കിങ് ഏരിയയിൽ ഒരേസമയം 20 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
ദിവസം മുന്നൂറോളം ഒപി രോഗികൾ വന്നുപോകുന്ന ജനറൽ ആശുപത്രിയുടെ ക്യാൻസർ വിഭാഗത്തിൽ നിലവിൽ 60 കിടക്കകൾമാത്രമാണ് ഉണ്ടായിരുന്നത്. ക്യാൻസർ ചികിത്സയ്ക്കുമാത്രമായി പ്രത്യേക ബ്ലോക്ക് സജ്ജീകരിച്ചത് രോഗികളെ കൂടുതൽ സുരക്ഷിതരാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹീർഷാ പറഞ്ഞു.