കൊച്ചി: കളമശേരിയിലെ കണ്വെഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ 36 പേര്‍ക്ക് പരിക്കെന്ന് ജില്ല കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. 18 പേരാണ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
10 പേരാണ് ബേണ്‍സ് യൂണിറ്റില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് 50 ശതമാനത്തില്‍ അധികം പൊള്ളലുണ്ട്. ഇവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റും. ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും താന്‍ അവരുമായി സംസാരിച്ചെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ 9.30ഓടെയാണ് കളമശേരിക്കു സമീപമുള്ള സാമ്ര കണ്വെന്ഷന് സെന്ററില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. കണ്വെന്ഷന് സെന്ററിനുള്ളില്‍ മൂന്നിലേറെ സ്ഫോടനമുണ്ടായതാണ് പ്രാഥമിക വിവരം.