കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ വത്തിക്കാൻ പ്രതിനിധി സിറിൽ വാസിൽ ഇന്ന് കൊച്ചിയിലെത്തും. ഏകീകൃത കുർബാന നടത്തണമെന്ന മാർപാപ്പയുടെ നിർദ്ദേശത്തെ തുടർന്നാണ് മാർ സിറിൽ വാസിൽ വീണ്ടുമെത്തുന്നത്. സെന്റ് മേരീസ് ബസലിക്കയിൽ ഏകീകൃത കുർബാനയർപ്പിക്കാൻ നേരത്തെ സിറിൽ വാസിൽ എത്തിയപ്പോൾ ഒരു വിഭാഗം വിശ്വാസികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു.
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം പരിഹരിക്കാൻ രണ്ടാം തവണയാണ് വത്തിക്കാൻ പ്രതിനിധിയായ സിറിൽ വാസിൽ എത്തുന്നത്. ഇത്തവണ ഡിസംബർ 25ന് മുമ്പ് ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന മാർപാപ്പയുടെ കർശന നിർദ്ദേശമുണ്ട്.കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാർപാപ്പയെ നേരിട്ട് കണ്ട് സിറിൽ വാസിൽ സംസാരിച്ചുവെന്നാണ് വിവരം. കൊച്ചിയിലെത്തുന്ന അദ്ദേഹം ഇരുവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം കഴിഞ്ഞ ആഗസ്തില്‍ ഏകീകൃത കുർബാനയർപ്പിക്കാൻ എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ എത്തിയ മാർ സിറിൽ വാസിലിനെ ഒരു വിഭാഗം വിശ്വാസികൾ തടഞ്ഞിരുന്നു.ഇത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിനിടയാക്കി.എന്നാൽ ജനാഭിമുഖ കുർബാനല്ലാതെ ഒരു പ്രാർത്ഥനാ രീതിയും അനുവദിക്കാല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം വിശ്വാസികൾ.ഏകീകൃത കുർബാന നടത്താൻ ശ്രമിച്ചാൽ അത് തടയുമെന്ന് കഴിഞ്ഞ ദിവസം ഒരു വിഭാഗം വൈദികരും വിശ്വാസികളും അതിരൂപത അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിനെ കണ്ട് അറിയിച്ചിരുന്നു.പുതുവർഷത്തിന് മുന്നോടിയായി ഏകീകൃത കുർബാന നടത്തണമെന്ന വത്തിക്കാൻ തീരുമാനം നടപ്പിലാക്കാൻ സിറിൽ വാസിൽ എത്തുന്നതോടെ വീണ്ടും കുർബാന തർക്കം രൂക്ഷമാകും.