കൊച്ചി: കേരള സ്റ്റോറി പ്രദർശിപ്പിച്ച ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത. എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖപ്രത്രമായ സത്യദീപത്തിലാണ് വിമർശനം. കേരള സ്റ്റോറിയെ നല്ല പാഠമാക്കിയവർ മണിപ്പൂരിനെ മറന്നത് മനഃപൂർവമാണോ എന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ‘ഇ.ഡിയുടെ ഇലക്ഷൻ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
പതിനെട്ടാം ലോക്സഭയ്ക്കായുള്ള ഒരുക്കത്തില്‍ ജനാധിപത്യ വിശ്വാസികളുടെ നിതാന്ത ജാഗ്രതയാവശ്യമുണ്ട്. 146 എം പി മാരെയല്ല, പ്രതിപക്ഷ സ്വരത്തെ തന്നെയും സസ്പെന്‍ഡ് ചെയ്ത് നിശ്ശബ്ദമാക്കിയ സഭാചരിത്രം ആവര്‍ത്തിക്കപ്പെടണമോ? കുറഞ്ഞ സമയം കൊണ്ട് ചര്‍ച്ചകള്‍ കൂടാതെ കൂടുതല്‍ ബില്ലുകള്‍ പാസ്സാക്കിയ സഭയ്ക്ക് തുടര്‍ച്ചയുണ്ടാകണമോ? മതബോധനത്തിന് അനുബന്ധമായി വര്‍ഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര് മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ? ‘പള്ളിയിലെ കാര്യം പള്ളിക്കാര് നോക്കും’ എന്ന് ആക്രോശിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ നൂറു കണക്കിന് പള്ളികള്‍ സംഘപരിവാര്‍ തകര്‍ത്തത് പള്ളിപ്പരിപാടിയായി തന്നെ കണക്കാക്കുമോ? പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാന്‍ ഇസ്ലാം വിരുദ്ധതയെ വിഷയമാക്കണമോ? എല്ലാവരും ഇ.ഡിപ്പേടിയിലാവുമ്പോള്‍ ഇടപെടല്‍ രാഷ്ട്രീയം ഇല്ലാതാകും. ചൂണ്ടുവിരലിലെ മഷിയടയാളം നാളത്തെ ജനാധിപത്യ മതേതര ഇന്ത്യയുടെ കൊടിയടയാളമാകണം.
ബി.ജെ.പിയുടെ പോളിംഗ് ബൂത്ത് ഏജന്റായി ഇ.ഡി മാറിയെന്ന പ്രതിപക്ഷാരോപണത്തെ ശരിവയ്ക്കുന്ന തരത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയാടല്‍ രാഷ്ട്രീയം. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റു ചെയ്ത് തിഹാര്‍ ജയിലിലടച്ച ഇ ഡി യുടെ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ സ്വേച്ഛാധിപത്യശൈലിയെന്ന വിമര്‍ശനം ഗൗരവമുള്ളതാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആകെയുള്ള കേസുകളില്‍ 95% പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണെന്നത് യാദൃച്ഛികമായി കരുതാനാകില്ല. കഴിഞ്ഞ ജനുവരി 31-ന് പ്രതിപക്ഷത്തെ മറ്റൊരു മുഖ്യമന്ത്രി ഹേമ ന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബി ജെ പിയിലെത്തിയാല്‍ ആരുടെയും അഴിമതിക്കറകള്‍ കഴുകി മാറ്റപ്പെടുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ അശ്ലീലക്കാഴ്ചകള്‍ ജനാധിപത്യത്തിലെ പുതിയ നടപ്പു രീതിയാകുമ്പോള്‍, ഈ തിരഞ്ഞെടുപ്പു പോലും നേരത്തെ ‘നിശ്ചയിച്ചുറപ്പിച്ച’ ഗെയിമെന്ന പ്രതിപക്ഷ വിമര്‍ശനം ശരിയാണെന്ന് തെളിയുന്നു. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ അമേരിക്ക നടത്തിയ പ്രതികരണത്തെ ശക്തമായി നേരിട്ടത് രാജ്യത്തെ ഉപരാഷ്ട്രപതി നേരിട്ടായിരുന്നുവെന്നത് ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിച്ചു. ബി ജെ പിയുടെ പ്രതിപക്ഷ മുക്ത രാഷ്ട്രനിര്‍മ്മിതിയില്‍ ഉന്നതമായ ഭരണഘടനാപദവികള്‍ പോലും ദുരുപയോഗിക്കപ്പെടുന്ന അസാധാരണ സാഹചര്യം സമാനതകളില്ലാത്തതാണെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.