കുന്നംകുളം : ഇറാം സ്കിൽസ് അക്കാദമി, ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുമായി ചേർന്ന് രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ മുന്നൂറിലധികം പേർക്ക് തൊഴിൽ നൽകും. മഹീന്ദ്രയുടെ കേരളത്തിലെ വാഹന വർക്ക്ഷോപ്പുകളിലാണ് ഐടിഐ, പോളിടെക്നിക്, VHSC, യോഗ്യതയുള്ളവർക്ക് ജോലി നൽകുന്നത്. ഇതിന്റെ ഭാഗമായുള്ള നൈപുണ്യ വികസന കേന്ദ്രം കുന്നംകുളത്ത് മഹീന്ദ്ര & മഹീന്ദ്ര വൈസ് പ്രസിഡന്റ് പവൻ കുമാർ ഉദ്ഘാടനം ചെയ്തു.
കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഇറാം ഗ്രൂപ് ചെയർമാൻ ഡോ സിദ്ധീക്ക് അഹമ്മദ്, മഹീന്ദ്ര & മഹീന്ദ്ര ടെക്നിക്കൽ ഹെഡ് കെ രവി, സോണൽ കസ്റ്റമർ കെയർ ഹെഡ് പ്രത്യുഷ് ബോസ് , ഇറാം ടെക്നോളജീസ് GM ഓസ്റ്റിൻ വാളൂർ, അസാപ് സ്കിൽ പാർക്ക് ഹെഡ് റിട്ട ലഫ്റ്റനന്റ് കമാൻഡർ ഇവി സജിത്ത് കുമാർ എന്നിവരും പങ്കെടുത്തു.മഹീന്ദ്ര & മഹീന്ദ്ര, ഇറാം സ്കിൽസ് അക്കാദമിയുമായി ചേർന്നാണ് നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചത്.
കുന്നംകുളം അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് നൈപുണ്യവികസനകേന്ദ്രം പ്രവർത്തിക്കുന്നത്. ഒരു മാസത്തെ പഠനവും തുടർന്ന് മഹീന്ദ്രയുടെ സർവീസ് കേന്ദ്രങ്ങളിലെ 15 ദിവസത്തെ സമഗ്രമായ പരിശീലനവുമാണ് ഐടിഐ, ഡിപ്ലോമ, VHSC, എൻജിനിയറിങ് ബിരുദധാരികൾക്ക് നൽകുന്നത്. തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരളത്തിലെ വിവിധ സർവ്വീസ് സെൻ്ററുകളിൽ തൊഴിൽ നൽകും