പാലക്കാട് : പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ നേട്ടം കൊയ്യുന്നതാണ് ഇറാം സ്ഥാപനങ്ങളുടെ മാതൃകയെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ. സമകാലിക വിദ്യാഭ്യാസ മേഖലയിൽ വലിയൊരു മാറ്റം സൃഷ്ടിക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. പ്രഭാപുരം ഇറാം എഡ്യൂക്കേഷണൽ വെൽഫെയർ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
മറിയുമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ, മറിയുമ്മ മെമ്മോറിയൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഇറാം അക്കാദമി ഫോർ സ്പോർട്സ് ആൻഡ് എക്സലൻസ്, എ.എം.എൽ.പി.എസ് എന്നിവിടങ്ങളിലെ 155 കുട്ടികളാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും ദേശീയ-സംസ്ഥാന തല കായിക മത്സര വിജയികളും ചടങ്ങിൽ അവാർഡുകൾ ഏറ്റുവാങ്ങി. വിദ്യാലയങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
ഇറാം ഹോൾഡിങ്സ് ചെയർമാൻ ഡോ. സിദ്ധീഖ് അഹമ്മദ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഇറാം ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. സ്ഥാപന സെക്രട്ടറി സികെ അബ്ദുൾ സമദ്, ഇറാം എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് അംഗങ്ങളായ നുഷൈബ സിദ്ധിഖ്, റിസ്വാൻ അഹമ്മദ് , യുവേഫ വളണ്ടിയർ കെവി വിജയകൃഷ്ണ, എസ് ബി ഐ റീജിയനൽ മാനേജർ ടി.എം മനോജ്, ഇറാം ഗ്രൂപ്പ് പ്രതിനിധികളായ സിദ്ദിഖ്, ബിജോയ് ഡി ദാസ്, ജയദേവ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു. എം.എം.എച്ച്.എസ് .എസ് പ്രിൻസിപ്പൽ ഉമ്മർ സ്വാഗതവും വിജി ജയപ്രകാശ് നന്ദിയും പറഞ്ഞു.