ന്യൂഡല്‍ഹി : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ഇപി ജയരാജന് ഡല്‍ഹി കേരള ഹൗസില്‍ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. മുഖ്യമന്ത്രി താമസിച്ചിരുന്ന കൊച്ചിന് ഹൗസ് കെട്ടിടത്തിലേക്ക് സമീപത്തെ കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന ജയരാജന് എത്തുകയായിരുന്നു.
കൂടിക്കാഴ്ചയെ പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ ഇപി ജയരാജന് തയ്യാറായില്ല. ‘മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യും. യച്ചൂരിയെപ്പറ്റി ചോദിക്കൂ, അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ട. നശീകരണ വാസനകളില്ലാതെ നിര്‍മാണ താല്പര്യത്തോടെ പ്രവര്‍ത്തിക്കണം. ഞാന്‍ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോള്‍ സമയം കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ട്. ഞങ്ങളൊരു പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം സ്നേഹവും ബഹുമാനവും ഉള്ളവരാണ്’- ജയരാജന് പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റിയ ശേഷം പാര്‍ട്ടി യോഗങ്ങളില്‍ ജയരാജന് പങ്കെടുത്തിരുന്നില്ല. കണ്ണൂരില്‍ സംഘടിപ്പിച്ച ചടയന്‍ ഗോവിന്ദന് അനുസ്മരണത്തില്നിന്നു വിട്ടുനിന്നു.