ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് സിപിഎമ്മിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു. ദിവസങ്ങള്‍ക്കുളളില്‍ തന്നെ അദ്ദേഹം മുന്നണി കണ്‍വീനര്‍ സ്ഥാനമൊഴിയും. അതിന് ശേഷം പതിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനാണ് പിണറായി അടങ്ങുന്ന നേതൃത്വത്തിന്റെ തീരുമാനം. ബിജെപിയുടേ ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ ജയരാജനെ അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് രഹസ്യമായി കണ്ടതും ചര്‍ച്ച നടത്തിയതും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കാനാണ് പ്രകാശ് ജാവദേക്കർ എത്തിയതെന്നു സിപിഎം കേന്ദ്രങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മതിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി. നിര്‍ണ്ണായകമായ വോട്ടെടുപ്പിന്റെയന്ന് രാവിലെ തന്നെ ബിജെപി നേതാവ് തന്നെ വന്നു കണ്ടു സംസാരിച്ച വിവരം ജയരാജന് വെളിപ്പെടുത്തിയത് അത്ര നിഷ്കളങ്കമല്ലന്ന് തന്നെയാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ദല്ലാള്‍ നന്ദകുമാറും ശോഭാ സുരേന്ദ്രനും വിതച്ച കാറ്റ് പാർട്ടിക്കുള്ളിൽ കൊടുങ്കാറ്റായി മാറിക്കഴിഞ്ഞു. അതോടെ പിണറായി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സിപിഎം നേതാവ്, പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന് സിപിഎമ്മിന് അനഭിമതനാവുകയാണ്.
ഇപി ജയരാജന് ഏല്‍പ്പിച്ച പരിക്ക് അത്ര പെട്ടെന്നൊന്നും സിപിഎമ്മിന് ഉണക്കാനാവില്ല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ആക്രമിക്കാന്‍ സിപിഎം എപ്പോഴും തയ്യാറാക്കി വച്ചിരുന്ന ആയുധമായിരുന്നു ബിജെപി ബന്ധം. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന സിപിഎം ആരോപണം കോണ്‍ഗ്രസിനുണ്ടാക്കിയ പ്രതിസന്ധി ചില്ലറയൊന്നുമല്ല. അതിനെ നേരിടുന്നതില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പലപ്പോഴും കാലിടറുകയും ചെയ്തു. അത്തരത്തില്‍ വിജയകരമായി ഉപയോഗിച്ചുകൊണ്ടിരുന്ന ആയുധം തിരിച്ച് തങ്ങളിലേക്ക് തന്നെ പാഞ്ഞുവരുന്നത് കണ്ട് അമ്പരന്ന് നില്‍ക്കാനേ പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ക്ക് ഇപ്പോൾ കഴിയുന്നുള്ളു. ഇപി ജയരാജന് പാര്‍ട്ടിയില്‍ നിന്നു തന്നെ പോയാലും അദ്ദേഹം ഏല്‍പ്പിച്ച മുറിവ് കാലങ്ങളോളം സിപിഎമ്മിനെ വേട്ടയാടുമെന്ന കാര്യം ഉറപ്പാണ്.
1986ല്‍ ബദല്‍രേഖ അവതരിപ്പിച്ച് എംവി രാഘവന് സിപിഎമ്മിന് പുറത്തേക്ക് പോയപ്പോൾ രാഘവനെ നേരിടാന്‍ സിപിഎം കണ്ണൂരില്‍ അണിനിരത്തിയ യുവതുര്‍ക്കികളില്‍ ഒരാളാണ് ജയരാജന്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംവി രാഘവന് അഴീക്കോട് നിന്ന് യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ മല്‍സരിക്കാന്‍ സിപിഎം കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയും ഇപി തന്നെയായിരുന്നു. അത്രക്ക് തലപ്പൊക്കമുള്ള നേതാവായിരുന്നു കണ്ണൂരില്‍ അദ്ദേഹം എല്ലാക്കാലത്തും. രാഘവനെ നേരിടാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വിഎസ് കൊണ്ടുവന്ന പിണറായി വിജയന് പിന്നീട് പാര്‍ട്ടിയില്‍ സര്വ്വശക്തനായപ്പോള് പിണറായിയുടെ പ്രധാന സൈന്യാധിപൻ ഇപിയായിരുന്നു. കണ്ണൂരിലെ പാര്‍ട്ടിയെന്നാല്‍ വിജയനും മൂന്ന് ജയരാജന്മാരും എന്ന നിലയിലായിരുന്നു ഈ അടുത്ത കാലം വരെ. 1995ൽ ചണ്ഡിഗഡില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുവരുന്ന ഇപി ജയരാജനെ ട്രയിനുള്ളില്‍ വധിക്കാന്‍ ശ്രമം നടന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്നേറ്റ വെടിയുണ്ടയുമായാണ് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നതെന്നുവരെ പ്രചാരണമുണ്ട്. എംവി രാഘവനും ഇപ്പോഴത്തെ കെപിസിസി അധ്യക്ഷനുമായ കെ സുധാകരനുമാണ് ഈ വധശ്രമവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായത്.
പിണറായിക്ക് ശേഷം പാര്‍ട്ടിയെ നയിക്കുമെന്ന് ഏതാണ്ട് മൂന്ന് കൊല്ലം മുമ്പ് വരെ കരുതപ്പെട്ടിരുന്ന നേതാവാണ് ഇപി. അത്രയേറെ സ്വാധീനശക്തിയായിരുന്നു പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. പിണറായിക്ക് വേണ്ടി ബിസിനസ് ലോബികളെ പാര്‍ട്ടിയുമായി അടുപ്പിച്ചയാള്‍ എന്ന നിലയിലും അദ്ദേഹത്തിന് വലിയ പ്രാമാണിത്തം പാര്‍ട്ടിയിലുണ്ടായിരുന്നു. സാന്റിയാഗോ മാര്ട്ടിന് മുതല്‍ ചാക്ക് രാധാകൃഷ്ണനെ വരെ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികളാക്കി മാറ്റിയതിന് പിന്നിലുള്ള തന്ത്രവും മറ്റാരുടേതുമായിരുന്നില്ല. എന്നാല്‍ തന്നെക്കൊണ്ട് എല്ലാം നേടിയ പിണറായി വിജയന് പിന്നില്‍ നിന്നും കുത്തുകയാണെന്ന് മനസിലായപ്പോഴേക്കും കാര്യങ്ങളെല്ലാം ഇപിയുടെ കയ്യില്‍ നിന്നും പതിയെ വിട്ടുപോകാന്‍ തുടങ്ങിയിരുന്നു. എംവി ഗോവിന്ദനെ തന്റെ തലക്ക് മുകളിലൂടെ പ്രതിഷ്ഠിച്ചതും എതിര്‍ത്തപ്പോൾ മകന്റെ പേരിലുള്ള റിസോര്‍ട്ടിനെ ഉപയോഗിച്ച് വിവാദമുണ്ടാക്കി ഒതുക്കി മൂലക്കിരുത്തിയതും ഇപിക്ക് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.
ഇതോടെ തിരിച്ചടിക്കുള്ള അവസരം കാത്ത് ഇരിക്കുകയായിരുന്നു ഇപി. അപ്പോഴാണ് കേരളത്തില്‍ ആരെക്കിട്ടിയാലും ചാക്കില്‍ കേറ്റാന്‍ നടക്കുന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ഇപിയെ വന്നുകണ്ടത്. ജാവദേക്കറെയും ഇപി ജയരാജനെയും തമ്മില്‍ അടുപ്പിച്ചത് ദല്ലാള്‍ നന്ദകുമാറായിരുന്നു എന്ന വിവരവും പുറത്ത് വന്നു. ഇതോടെ സിപിഎം വലിയ കുരുക്കിലായി. ഇപി ജയരാജനെ ഒറ്റരാത്രികൊണ്ട് സിപിഎമ്മില്‍ നിന്നും കളയാന്‍ പറ്റില്ല. കാരണം ഇപിക്കറിയാത്ത രഹസ്യങ്ങളൊന്നും ഇപ്പോള്‍ സിപിഎമ്മിലില്ല. എന്നാല്‍ അദ്ദേഹത്തിന് സിപിഎമ്മില്‍ അധികകാലം തുടരാനും കഴിയില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അത്രപെട്ടെന്ന് പൂരിപ്പിക്കാന്‍ പറ്റുന്ന ഒരു പദപ്രശ്നമല്ല ഇപി ജയരാജന്. അത് ഏറ്റവും നന്നായി അറിയുന്നതും ഇപിക്കാണ്.