തിരുവനന്തപുരം : വീണാ വിജയനെതിരായ മാസപ്പടി ആരോപണം അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ആരോപണത്തിന് പിന്നില്‍ ചിലരുടെ ശത്രുത. വേണ്ടാത്ത കാര്യങ്ങള്‍ അടിസ്ഥാന രഹിതമായി ആരോപിച്ച് ജനങ്ങളുടെ മുന്നില്‍ സംശയം ഉണ്ടാക്കുകയാണെന്നും ഇപി ജയരാജന് കുറ്റപ്പെടുത്തി.
വീണ വലിയൊരു സ്ഥാപനത്തിന്റെ കണ്സല്ട്ടന്റാണ്. അത് സംബന്ധിച്ച് എല്ലാ സുതാര്യമാണ്. അതിലെന്താണ് പ്രശ്നം. ഇവിടെ എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ കണ്സല്ട്ടന്സിയില് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഏതൊക്കെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെക്കാലത്ത് ഐടി മേഖലകളില്‍, ഡിജിറ്റല്‍ രംഗത്ത് സ്ഥാപനങ്ങളും കണ്‍സള്‍ട്ടന്‍സികളുമുണ്ട്. കണ്‍സള്‍ട്ടന്‍സിയുടെ ഭാഗമായി കമ്പനിക്കും ഡിജിറ്റല്‍ സംവിധാനത്തിനുമൊക്കെ സേവനം നല്കുന്ന നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെന്തെങ്കിലും രഹസ്യമുണ്ടോയെന്ന് ജയരാജന് ചോദിച്ചു. ടിഡിഎസ് പിടിച്ചിട്ടാണ് പണം കൊടുക്കുന്നത്. ഇന്‍കം ടാക്സ് കൊടുത്തിട്ടുണ്ട്. ഇതെല്ലാം പ്രോപ്പര്‍ റെക്കോര്‍ഡ്സാണ്. ഇതില്‍ എന്തെങ്കിലും രഹസ്യമുണ്ടോ?. എന്തിനാണ് വേണ്ടാത്ത കാര്യങ്ങള്‍, അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വ്യക്തിഹത്യ തീര്‍ക്കാന്‍ ഉപയോഗിക്കുന്നത്. രാഷ്ട്രീയവിരോധം രാഷ്ട്രീയം കൊണ്ട് തീര്‍ക്കണം. അതിന് കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യാന്‍ പാടില്ല. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കുടുംബത്തെ ഉപയോഗിക്കരുത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ മാറിനില്‍ക്കണം. മുഖ്യമന്ത്രിക്കെതിരെ എതിര്‍പ്പുണ്ടെങ്കില്‍ അതിന് തെറ്റായ വഴി സ്വീകരിക്കരുത്. ഇത് ഉന്നയിക്കുന്നവര്‍ക്കെതിരെ ജനം തിരിയും. ഇത് മഹാപാപമാണ്. രാഷ്ട്രീയ വിരോധം തീര്‍ക്കാനോ, കുടുംബത്തെ തകര്‍ക്കാനോ ഉപയോഗിക്കരുതെന്നും ഇപി ജയരാജന് പറഞ്ഞു.