തിരുവനന്തപുരം: എംടി വാസുദേവൻ നായരുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എംടിയുടെ വിമർശനം കേന്ദ്ര സർക്കാരിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനമാണ് എംടി നടത്തിയത്. പരോക്ഷമായി പിണറായിയെ വിമർശിക്കുകയാണെന്നു വാർത്തകൾ വന്നതിനു പിന്നാലെയാണ് ഇപിയുടെ പ്രതികരണം.
എംടിയുടെ വിമർശനം കേന്ദ്ര സർക്കാരിനെതിരെയുള്ള കുന്തമുനയാണ്. രാജ്യത്തെ ഇന്നത്തെ അവസ്ഥയിൽ മനം നൊന്തായിരിക്കും എംടിയുടെ വിമർശനമെന്നും ഇപി പറയുന്നു. പിണറായിയോടു ജനങ്ങൾക്ക് ഉള്ളത് വീരാരാധനയാണ്. തനിക്കും മറ്റ് പലർക്കും പിണറായി മഹാനാണ്. അയ്യങ്കാളി, ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭൻ, എകെജി ചിത്രങ്ങൾ പലരും ആരാധിക്കുന്നുണ്ട്. അതുപോലെയാണ് പിണറായിയോടുള്ള ബഹുമാനംവുമെന്നും ഇപി വ്യക്തമാക്കി.
അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എംടിയുടെ വിമര്‍ശനം.