കണ്ണൂർ : ആത്മകഥ വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന തന്നെയാണെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ നേരത്തെ താൻ പറഞ്ഞത് തന്നെയാണ്. ഡിസി ബുക്സാണ് വിവാദത്തിന് പിന്നിൽ. സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ അന്വേഷണത്തിൽ പുറത്തുവന്നത്. അന്വേഷണം റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.
ആത്മകഥയുടെ ചില ഭാഗങ്ങൾ എങ്ങനെയാണ് ചോർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ടെന്നും ഇപി പറഞ്ഞു. പെരിയ ഇരട്ട കൊലപാതക കേസിൽ വിധിന്യായം പൂർണമായും പുറത്തുവന്നിട്ടില്ല. സിബിഐ കോടതിയുടെ വിധി അന്തിമമാണെന്ന് പറയാൻ കഴിയില്ല. സിപിഎമ്മിന് നേരെ കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ മറച്ചുവെക്കാനാണ് ലക്ഷ്യം.
കൊലപാതകവും കൂത്തുപറമ്പ് വെടിവെപ്പും എല്ലാം നടത്തിയ കോൺഗ്രസിന് എന്ത് ധാർമികതയാണ് ഉള്ളതെന്നും ഇപി ജയരാജൻ ചോദിച്ചു. സിപിഎം ഒരിക്കലും ഒരു അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. സിപിഎമ്മിന്റെ നേതാക്കളെ കൊന്ന പാരമ്പര്യം കോൺഗ്രസിനാണ്. കേസിനെ സിപിഎമ്മിനെതിരെ തിരിച്ചുവിടാൻ യുഡിഎഫും ബിജെപിയും പരമാവധി ശ്രമിച്ചു. അതിൻ്റെ തുടർച്ചയാണ് സിപിഎമ്മിന്റെ പ്രധാന നേതാക്കളെ കുറ്റക്കാരാക്കിയതെന്നും ഇപി ജയരാജൻ പറഞ്ഞു.