കണ്ണൂർ: എസ്എഫ്ഐയെ തകർക്കാൻ നീക്കം നടക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വ്യാജരേഖ ചമച്ച് ജോലി നേടിയ കെ. വിദ്യയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങളാണ് എസ്എഫ്ഐക്കെതിരേ ഉയരുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ്എഫ്ഐക്കില്ലെന്നും ഇ.പി. മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നില്ല. അവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വം ഉണ്ടായിരുന്നില്ല.ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരി ആകില്ല. ജോലി നേടാൻ തെറ്റായ വഴിയാണ് അവർ സ്വീകരിച്ചത്. മഹാരാജാസിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇ.പി. പറഞ്ഞു. സ്ഥാനാര്ഥികളാകുന്നവരെല്ലാം സംഘടനയുടെ ആളുകളാണെന്ന ധാരണ വെച്ചുപുലര്‍ത്തരുത്. രാജീവ് ഗാന്ധിയെ വധിച്ചത് ഒരു പെണ്കുട്ടിയല്ലേ എന്നും ഇ.പി. ചോദിച്ചു. ഒരു പെണ്‍കുട്ടി ഇങ്ങനെ ചെയ്യുമോ, പിന്നില്‍ ഗൂഢാലോചനയില്ലേ എന്ന് ഉദ്ദേശിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
വ്യാജ രേഖയിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ സംരക്ഷിക്കില്ല. കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കാൻ സാധിക്കുകയുള്ളുവെന്നും ഇ.പി. പറഞ്ഞു. കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടനയാണ് കെഎസ്യു. അവർ പറയുന്നത് ആരും മുഖവിലയ്ക്ക് എടുക്കാറില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പറയുന്നത് കേട്ട് നടക്കുന്നവരാണ് കെഎസ്യുക്കാർ. അവിടെയും ഇവിടെയുമായി കുറച്ചുപേർ മാത്രമാണ് അതിലുള്ളത്. ഇതൊരു ചെറിയ സംഘടനമാത്രമാണെന്നും ഇ.പി. പരിഹസിച്ചു.