കൽപറ്റ/മലപ്പുറം: തമിഴ്നാട് പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂട്ടി കൂട്ടിലാക്കി. മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടാനാണു നീക്കം. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പുലിയെ തങ്ങളെ കാണിക്കാതെ കൊണ്ടുപോയെന്നു നാട്ടുകാർ പറയുന്നു. നരഭോജിയായ പുലിയെ തന്നെയാണോ പിടികൂടിയതെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഇവർ ആരോപിക്കുന്നുണ്ട്.
മയക്കുവെടി വച്ചാണ് ഇന്ന് ഉച്ചയോടെ പുലിയെ പിടികൂടിയത്. ഇന്നു രാവിലെ എട്ടോടെയാണു പുലിയെ കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ പിടികൂടാനായത്. രണ്ടു ഡോസ് മയക്കുവെടിവച്ചാണു പുലിയെ നിയന്ത്രണത്തിലാക്കിയത്. കഴിഞ്ഞ 18 ദിവസത്തിനിടെ പുലി ആറുപേരെ ആക്രമിച്ചിരുന്നു. ഇതിൽ ഇന്നലെ കൊല്ലപ്പെട്ട കുട്ടിയും ഒരു വീട്ടമ്മയും ഉൾപ്പെടെ രണ്ടുപേർക്കു ജീവനും നഷ്ടമായി. നാലുപേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.