കൊച്ചി: സ്വന്തം ബൂത്തുകളിൽ സജീവമാകാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ബൂത്തിലും ജയിച്ചാൽ കേരളത്തിലും ജയിക്കാമെന്നും അതിനായി കഠിനപ്രയത്നം ചെയ്യണമെന്നും കൊച്ചിയിൽ നടന്ന ബി.ജെ.പി ‘ശക്തികേന്ദ്ര പ്രമുഖ്’ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടു. ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ കേരളത്തിലെ എല്ലാ വീടുകളിലും രാമജ്യോതി തെളിയുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാർട്ടിയുടെ ജീവനാഡി നിങ്ങളാണെന്ന് മോദി പ്രവർത്തകരോട് പറഞ്ഞു. ”കേരളത്തിലെ പ്രവർത്തകരുടെ സ്നേഹം ഞാനിന്ന് അനുഭവിക്കുകയാണ്. ഇന്നലെ ആയിരക്കണക്കിനു പേരാണ് എന്നെ ആശിർവദിച്ചത്. തൃപ്രയാർ ക്ഷേത്രത്തിലും ഗുരുവായൂരിലും ഞാൻ ദർശനം നടത്തി. ക്ഷേത്രത്തിനകത്ത് ഭഗവാനും ക്ഷേത്രത്തിനു പുറത്ത് ഭഗവാന്റെ രൂപത്തിലുള്ള ജനങ്ങളും എന്നെ അനുഗ്രഹിച്ചു”-മോദി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരികയാണെന്നും എല്ലാ വോട്ടർമാരിലേക്കും എത്തിച്ചേരണമെന്നും മോദി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രാജ്യം ഭരിക്കേണ്ട സർക്കാരിനെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇക്കാര്യം എല്ലാവരിലേക്കും എത്തിക്കണം. എല്ലാ പ്രവർത്തകരും അവരുടെ ബൂത്തിലെ വിജയം ഉറപ്പാക്കണം. എല്ലാ ബൂത്തിലും ജയിച്ചാൽ കേരളത്തിലും ജയിക്കാം. എല്ലാ ബൂത്തുകളിലും കഠിനപ്രയത്നം ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.
”നിങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ ജനങ്ങളുമായി ഇടപഴകണം. സ്വന്തം ബൂത്തിലെ വോട്ടർപട്ടിക ശേഖരിക്കണം. വോട്ട് ചെയ്യുന്നതിന്റെ ഉദ്ദേശ്യം അവർക്ക് മനസിലാക്കിക്കൊടുക്കണം. വോട്ടർപട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തണം. കന്നിവോട്ടർമാരിലേക്ക് എത്തിച്ചേരണം. മോദിയുടെ ഉറപ്പുകൾ(ഗ്യാരന്റി) നടപ്പാകും. ഇത് എല്ലാ വോട്ടർമാരിലേക്കും എത്തണം.” ജനുവരി 22ന് അയോധ്യയിൽ പ്രതിഷ്ഠ നടക്കാൻ പോവുകയാണെന്നും അന്ന് എല്ലാവരുടെയും ഗ്രാമത്തിലും വീട്ടിലും രാമജ്യോതി തെളിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും രാമജ്യോതി തെളിയണം. എല്ലാ വീടുകളിലും രാമജ്യോതി തെളിയുമെന്ന് ഉറപ്പാക്കണം. രാമജ്യോതി തെളിയിക്കണമെന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
കൊച്ചി മറൈൻ ഡ്രൈവിലെ ബിജെപി പരിപാടിയിൽ നരേന്ദ്രമോദിക്കൊപ്പം പ്രൊഫ. ടിജെ .ജോസഫും പങ്കെടുത്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്. പ്രൊഫസർ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈ പോപുലർ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്.13 വർഷം മുമ്പായിരുന്നു ദാരുണ സംഭവമുണ്ടായത്. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ അറസ്റ്റിലായത്.മറ്റ് പ്രതികൾ ശിക്ഷ അനുഭവിക്കുകയാണ്.