കോൽക്കത്ത: ലോകകപ്പിൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.നെതർലൻഡ്സിനെതിരേ വിജയിച്ച അതേ ടീമിനെ നിലനിർത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം പാക് ടീമിൽ ഒരു മാറ്റമുണ്ട്. ഹസൻ അലിക്കു പകരം ഷദബ് ഖാൻ അന്തിമ ഇലവനിലെത്തി.
അതേസമയം, ടോസ് നഷ്ടപ്പെട്ടപ്പോൾ തന്നെ പാക്കിസ്ഥാന്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബൗൾ ചെയ്യേണ്ടിവന്നാൽ കളിക്കുമുന്പുതന്നെ സെമിയിലേക്കുള്ള വഴിയടയുമെന്ന അവസ്ഥയിലായിരുന്നു പാക്കിസ്ഥാൻ. രണ്ടാമത് ബാറ്റ് ചെയ്താൽ 3.4 ഓവറിൽ 150 റണ്‍സ് ചേസ് ചെയ്യണം. ഇത് അസാധ്യമാണ്.ന്യൂസിലൻഡിന്റെ റണ്‍റേറ്റ് മറികടന്ന് നാലാം സ്ഥാനത്തെത്തിയാലേ പാക്കിസ്ഥാനു സെമി പ്രതീക്ഷയുള്ളൂ. ഒന്‍പത് കളിയിൽ 10 പോയിന്റുമായി നാലാമതുള്ള ന്യൂസിലൻഡിന് +0.743 ആണ് റണ്‍റേറ്റ്. പാക്കിസ്ഥാന്റേത് എട്ടു കളിയിൽ എട്ടു പോയിന്റുമായി +0.036ഉം.
ഇംഗ്ലണ്ടിനാണെങ്കിൽ ഈ മത്സരം ജയിച്ചേ പറ്റൂ. തുടർച്ചയായ അഞ്ചു തോൽവികൾക്കുശേഷം നെതർലൻഡ്സിനെതിരേ കഴിഞ്ഞ കളിയിൽ ജയിച്ച ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തെത്തി. ഈ സ്ഥാനത്തു തുടർന്നാൽ മാത്രമേ നിലവിലെ ലോകകപ്പ് ജേതാക്കൾക്കു ചാന്പ്യൻസ് ലീഗ് യോഗ്യത ലഭിക്കൂ.
ഇംഗ്ലണ്ട് ടീം: ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ, മൊയീൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്.
പാക്കിസ്ഥാൻ ടീം: അബ്ദുള്ള ഷഫീഖ്, ഫഖർ സമാൻ, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദബ് ഖാൻ, ആഘ സൽമാൻ, മുഹമ്മദ് വസീം ജൂനിയർ, ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ്.