ലണ്ടൻ: സ്റ്റുവർട്ട് ബ്രോഡിന്റെ വിടവാങ്ങൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആവേശ ജയം. അഞ്ചാം ആഷസ് ടെസ്റ്റിന്റെ അവസാന ദിനം ഓസ്ട്രേലിയയെ 49 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര സമനിലയാക്കി. അവസാന ദിവസം പത്തു വിക്കറ്റ് ശേഷിക്കേ 249 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് അവിശ്വസനീയമാം വിധം തകർന്നു.
അഞ്ചാം ദിനം പെയ്ത മഴയിലാണ് കങ്കാരുക്കളുടെ വിജയ പ്രതീക്ഷകളത്രയും ഒലിച്ചുപോയത്. മഴ മൂലം കളി തടസപ്പെടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 എന്ന നിലയിലായിരുന്നു. ഏഴ് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 146 റൺസ്.എന്നാൽ മഴ മാറി ക്രീസിലെത്തിയ ഇംഗ്ലീഷുകാർ ഓസീസിനെ എറിഞ്ഞിട്ടു. അവസാന മത്സരം കളിക്കുന്ന ഇംഗ്ലീഷ് വെറ്ററൻ സ്റ്റുവർഡ് ബ്രോഡ് ഓസീസിന്റെ അവസാന രണ്ട് വിക്കറ്റും എറിഞ്ഞിട്ടതോടെ ഇംഗ്ലണ്ട് വിജയക്കൊടി ഉയർത്തി.
ക്രിസ് വോക്സ് നാലും മോയിൻ അലി മൂന്നും മാർക് വുഡ് ഒന്നും വിക്കറ്റ് നേടി.ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണറും (60), ഉസ്മാൻ ഖ്വാജയും (72) സ്റ്റീവൻ സ്മിത്തും (54) അർധസെഞ്ചുറി നേടി. ട്രാവിസ് ഹെഡും (43) ഓസീസ് നിരയിൽ പൊരുതി. എന്നാൽ മധ്യനിരയും വാലറ്റവും തകർന്നതോടെ ഓസീസ് ഉറച്ച വിജയം കൈവിട്ടു.