കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയാണ് മരിച്ചത്. ശ്രദ്ധ ജീവനൊടുക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മന:പൂർവം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
എച്ച് ഒ ഡി മകളെ ഹരാസ് ചെയ്തിട്ടുണ്ടെന്നും ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ശ്രദ്ധ അസ്വസ്ഥയായതുപോലെ തോന്നിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.ആശുപത്രിയിലെത്തിച്ചപ്പോൾ ശ്രദ്ധ തല കറങ്ങി വീണതാണെന്നായിരുന്നു കോളേജ് അധികൃതർ ഡോക്ടറോട് പറഞ്ഞത്. ആത്മഹത്യാ ശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കിൽ ശരിയായ ചികിത്സ ലഭിക്കുമായിരുന്നെന്നും ബന്ധുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മൊബൈൽ ഫോൺ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാകാം ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിയായിരുന്നു ശ്രദ്ധ. പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.