ന്യൂഡല്‍ഹി : ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കഠിനശിക്ഷ നല്‍കും. പഹല്‍ഗാം ഭീകരാക്രണം ഓരോ പൗരന്റെയും ഹൃദയം തകര്‍ത്തതായും ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിസന്ധിയെ മറികടക്കുമെന്നും മോദി മന് കി ബാത്തില്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണം അവരുടെ ഭീരുത്വമാണ് തെളിയിക്കുന്നത്. കശ്മീരില്‍ സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ഭീകരാക്രമണം ഉണ്ടായതെന്നും ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കുണ്ടെന്നും മോദി പറഞ്ഞു. കശ്മീരിന്റെയും രാജ്യത്തിന്റെയും പുരോഗതിയെ തടസ്സപ്പെടുത്തുന്ന നീക്കമാണ് ഈ ഭീകരാക്രമണമെന്നും മോദി പറഞ്ഞു.
‘എന്റെ ഹൃദയത്തില്‍ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ഓരോ പൗരന്റെയും ഹൃദയം തകര്‍ത്തു. നമ്മള് ഇന്ത്യക്കാര്‍ അനുഭവിക്കുന്ന രോഷം ലോകമെമ്പാടും അനുഭവപ്പെടുന്നു. ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപ വര്‍ഷങ്ങളില്‍ കശ്മീര്‍ കൈവരിച്ച ഗണ്യമായ പുരോഗതി, അതില്‍ വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച, വിദ്യാഭ്യാസ അവസരങ്ങള്‍, യുവാക്കളുടെ തൊഴിലവസരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഈ വികസനങ്ങള്‍ മേഖലയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയും അഭിമാനവും നല്‍കുന്നതായിരുന്നു. ഇത് തീവ്രവാദ ശക്തികളുടെ രോഷത്തിനും കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരരും അവരുടെ രക്ഷാധികാരികളും കശ്മീര്‍ വീണ്ടും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നതെന്ന് മോദി പറഞ്ഞു. ആക്രമണം കശ്മീര്‍ മേഖലയില്‍ നടക്കുന്ന നല്ല മാറ്റങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നിലെ കുറ്റവാളികള്‍ക്കും ഗൂഢാലോചനക്കാര്‍ക്കും കഠിനമായ ശിക്ഷ നല്‍കുമെന്നും നീതി ഉറപ്പാക്കുമെന്നും മോദി ഉറപ്പുനല്‍കി. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ്. ഇതാണ് ഇന്ത്യയുടെ എറ്റവും വലിയ ശക്തിയെന്നും മോദി പറഞ്ഞു.