


ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ്യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ‘ജന നായകൻ’ ജൂലൈ 23, 2026ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാസങ്ങളായുള്ള കാലതാമസത്തിനൊടുവിലാണ് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിർമാതാക്കളാണ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ, സുനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.
വിരമിച്ച ഒരു ഉദ്യോഗസ്ഥനായ വെട്രി കൊണ്ടൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ദത്തെടുത്ത പെൺകുട്ടിയെ ശക്തയായ വ്യക്തിയാക്കി വളർത്താനുള്ള ശ്രമത്തിനിടെ രാജ്യത്തെ ബാധിക്കുന്ന വലിയ ഭീഷണിയും വ്യക്തിപരമായ പ്രതികാരവും നേരിടേണ്ടി വരുന്ന കഥയാണ് ചിത്രം പറയുന്നത്.
രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയും ‘ജന നായകൻ’ നേടുന്നുണ്ട്. അതിനാൽ തന്നെ റിലീസിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.